മരണവീട്ടിൽ പൊലീസ് അതിക്രമം: വിദ്യാർഥിനിയെ ലാത്തികൊണ്ടടിച്ചു, യുവാവിനെ കസ്റ്റഡിയിലെടുത്തു
text_fieldsനെയ്യാറ്റിൻകര: മരണവീട്ടിൽ പൊലീസ് അതിക്രമിച്ച് കയറി മരിച്ചയാളുടെ പേരക്കുട്ടിയായ പ്ലസ് വൺ വിദ്യാർഥിനിയെ മർദിക്കുകയും സഹോദരനെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പരാതി. പെരുമ്പഴുതൂരിനു സമീപം പഴിഞ്ഞിക്കുഴി ശ്രീകൃഷ്ണയിൽ മധുവിന്റെ മകൾ അഞ്ജലി കൃഷ്ണക്കാണ് മർദനമേറ്റത്. പൊലീസിനെ അക്രമിച്ചുവെന്ന് ആരോപിച്ച് സഹോദരൻ അരവിന്ദിനെ (22) ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. യുവാവിനെ മർദിച്ചതായും വലിച്ചിഴച്ചതായും ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇവരുടെ അമ്മൂമ്മ മരിച്ചത്. ഇതിന്റെ ദുഖാചരണത്തിൽ കഴിയവേയാണ് അർധരാത്രി വൻ പൊലീസ് സന്നാഹം വീട്ടിൽ ഇരച്ചുകയറി അക്രമം നടത്തിയത്. വീടിന്റെ തൊട്ടടടുത്ത അരുവിപ്പുറം ആയയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചത്. ക്ഷേത്രത്തിലെ ഘോഷയാത്ര കടന്നു പോകുന്നതിനിടെ പെരുമ്പഴുതൂരിനു സമീപമാണ് വീട്ടിൽ അതിക്രമം നടത്തിയത്.
ഘോഷയാത്രയ്ക്കിടെ ചെറിയ തോതിൽ അക്രമങ്ങളുണ്ടായപ്പോൾ കൂട്ടംകൂടി നിന്നവരെയൊക്കെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. തുടർന്ന് ഉത്സവത്തിന് പോകാനിരുന്ന മകൻ അരവിന്ദിനോട് വീട്ടിനുള്ളിൽ ഇരിക്കാൻ മധു ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഇരുവരും കയർത്തു. ഇതുകണ്ട് തെറ്റിദ്ധരിച്ചാണ് മരണം നടന്ന വീട്ടിൽ കയറി ബലപ്രയോഗത്തിലൂടെ യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി റിമാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും അരവിന്ദിന് കോടതി ജാമ്യം നൽകി.
പൊലീസ് സംഘം വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിക്കുന്നതിനിടെ തടയാൻ മധു ഗേറ്റടച്ചിരുന്നു. ഇത് തള്ളിത്തുറക്കുന്നതിനിടെ പൊലീസുകാരിൽ ഒരാളുടെ നെറ്റിയിൽ പരിക്കേറ്റു. എന്നാൽ, ഗേറ്റ് തട്ടിയതല്ല അരവിന്ദ് കല്ല് എടുത്ത് ഇടിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ പൊലീസ് എത്തിയതോടെ അരവിന്ദിനെ ബന്ധുക്കൾ വീട്ടിനുള്ളിലേക്കു മാറ്റി. ഓടിയെത്തിയ പൊലീസ് അരവിന്ദിനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതിനിടെയാണ് സഹോദരിയെ പൊലീസ് ലാത്തി കൊണ്ടടിച്ചത്.
കഴിഞ്ഞ ദിവസം മരണം നടന്ന വീടാണെന്ന് താൻ പലതവണ വിളിച്ചു പറഞ്ഞിട്ടും ചെവിക്കൊണ്ടില്ലെന്ന് മധു പറഞ്ഞു. യുവാവിനെയും കൊണ്ടേ മടങ്ങൂ എന്ന വാശിയിലായിരുന്നു പൊലീസ്. വീടിന്റെ മതിൽ ചാടിക്കടന്നും പിന്നിലൂടെയും ഇരച്ചു കയറിയാണ് പൊലീസ് അതിക്രമം കാണിച്ചത്. തടയാൻ ശ്രമിച്ച വയോധികരായ ബന്ധുക്കൾ നിലത്തു വീണു. പൊലീസ് അതിക്രമം മധു മൊബൈലിൽ പകർത്തിയെങ്കിലും പൊലീസ് ഫോൺ പിടിച്ചു വാങ്ങി ഇവ ഡിലീറ്റ് ചെയ്യിപ്പിച്ചു.
വൈകീട്ട് കോടതിയിൽ ഹാജരാക്കിയ അരവിന്ദിന് ജാമ്യം ലഭിച്ചു. എന്നാൽ, തങ്ങളുടെ ഉത്തരവാദിത്വ നിർവഹണം മാത്രമാണ് ചെയ്തതെന്നും മരണ വീടായിരുന്നു അതെന്ന് അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.