പൊലീസിലെ ക്രിമിനൽസ്: പ്രതിപക്ഷത്തെ പൊളിക്കാൻ യു.ഡി.എഫ് കാലത്തെ കണക്കുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ വർധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം പ്രതിരോധിക്കാൻ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ക്രിമിനൽ കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് 976 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എൽ.ഡി.എഫ് കാലത്ത് 828 പൊലീസുകാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2014 ഡിസംബർ 15ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണം പ്രതിരോധിച്ചത്.
കേരളാ പൊലീസിലെ രാഷ്ട്രീയവൽക്കരണത്തിനും സംസ്ഥാനത്ത് വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങൾക്കുമെതിരെ പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. പൊലീസിനെതിരായ ആരോപണങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് മുൻ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
പൊലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നത് ആരോ തെറ്റിദ്ധരിപ്പിച്ചിട്ടാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. കേരളം ഭീതിജനകമായ സാഹചര്യത്തിലാണ്. മുഖ്യമന്ത്രിയുടെ മറുപടി ദൗർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂർ, പൊലീസിന്‍റെ അതിക്രമങ്ങൾ തെളിയിക്കാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളെ പ്രതിരോധിക്കാനായി യു.ഡി.എഫ് ഭരണകാലത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.
പൊലീസിനെ പിന്തുണക്കുന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ നൽകിയത്. പൊലീസിനെതിരെ ഉന്നയിക്കുന്നത് ആശ്ചര്യകരമായ ആരോപണമാണെന്നും പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. സത്യസന്ധതക്കും കാര്യക്ഷമതക്കുമുള്ള അവാർഡുകൾ കേരളാ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.