അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് ഭീകരത; കനലെരിയുന്ന ഓർമകളിൽ വാസുവേട്ടൻ
text_fieldsകോഴിക്കോട്: ‘ജയിലിൽ കണ്ട ഒരൊറ്റ അനുഭവം മതി അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് ഭീകരതയുടെ ആഴമറിയാൻ. ആശാരിപ്പണിക്കാരനായ പ്രഭാകരൻ എന്ന സഖാവിനെ ജയിലിലെത്തിക്കുകയാണ്. വാർഡന്മാർ താങ്ങിപ്പിടിച്ചാണ് കൊണ്ടുവരുന്നത്. ഇരുകാലുകളും ഉരുട്ടൽ നടത്തി വീർത്തു പഴുത്ത നിലയിലാണ്. പഴുത്ത കാലിന്റെ തുടയുടെ ഭാഗം വിണ്ടുകീറി എല്ല് പുറത്തുകാണാം. നിരന്തരമായ ഉരുട്ടലിൽ മസിലുകൾ എല്ലിൽനിന്ന് വേർപെട്ട് തൂങ്ങിനിൽക്കുന്നു’- മനുഷ്യാവകാശ-തൊഴിലാളി സംഘടന പ്രവർത്തകനും മുന് നക്സലൈറ്റ് നേതാവുമായ എ. വാസുവിന്റെ അടിയന്തരാവസ്ഥയുടെ നീറുന്ന ഓർമകളുടെ കനലുകൾ കെട്ടടങ്ങിയിട്ടില്ല.
94ാം വയസ്സ് പിന്നിടുമ്പോഴും ഒറ്റരാത്രികൊണ്ട് രാഷ്ട്രം ജയിലായി മാറിയ ആ കുപ്രസിദ്ധ കാലഘട്ടത്തിന്റെ ഓർമകൾക്കേറ്റ ചതവുകൾ ഇന്നും മാറിയിട്ടില്ല. സ്വതന്ത്ര ഇന്ത്യ അതിന്റെ കറുത്ത നാളുകൾ അനുഭവിച്ചത് പൊലീസ് ലോക്കപ്പുകളിലെ ഇടിയുടെയും തൊഴിയുടെയും ഉരുട്ടിക്കൊലകളുടെയും കൊല്ലാക്കൊലകളുടെയും അകമ്പടിയിലാണെന്ന് വാസു ഓർത്തെടുക്കുന്നു.
അടിയന്തരാവസ്ഥ ഇനിയുണ്ടാകില്ലെങ്കിലും അത് അനുഭവിച്ചവരുടെ ജീവിതപാടുകൾ മായാതെ കിടക്കുന്നുണ്ട്. ഇന്ന് അതൊക്കെ പറഞ്ഞാൽ തലമുറ വിശ്വസിക്കില്ല. ആരോഗ്യത്തോെട സ്റ്റേഷനിലേക്ക് കൊണ്ടുപോയ ചെറുപ്പക്കാരെ പൊലീസ് തിരിച്ചയച്ചത് ജീവച്ഛവമായാണ്. ‘‘തിരുനെല്ലി-തൃശിലേരി ആക്ഷന്റെ പേരിൽ ഒന്നാം പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ ഏകാന്ത തടവിലായിരുന്നു 1970 മുതൽ ഞാൻ. ഇക്കാലത്ത് പുറത്തുനടന്ന സംഭവങ്ങൾ ഒരുപക്ഷേ പുറത്തുള്ളവർ അറിഞ്ഞിരിക്കില്ല. ജയിലിലുള്ളവർ എല്ലാം കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിന്റെ യഥാർഥ ചിത്രങ്ങൾ ഞങ്ങളുടെ നേർക്കണ്ണിനു മുന്നിലാണ് നടന്നത്. അനുഭവിച്ചവർ ആശ്വാസം തേടിയെത്തിയത് സെല്ലിന്റെ ഇരുമ്പ് കമ്പികൾക്ക് മുന്നിലായിരുന്നു. പ്രഭാകരന്റെ കാലുകണ്ടപ്പോൾ ഗ്ലേസ്പേപ്പറിൽ പൊതിഞ്ഞ ഇറച്ചിപോലെയായിരുന്നു. ജയിലിലെ തടവുകാരായ സഖാക്കളുടെ പരിചരണത്തിലാണ് ജീവൻ നിലനിന്നുപോയത് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.