മാവേലി എക്സ്പ്രസിൽ പൊലീസിന്‍റെ ക്രൂരത; യാത്രക്കാരനെ അടിച്ചു വീഴ്ത്തി, നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി
text_fieldsകണ്ണൂർ: ട്രെയിൻ യാത്രക്കാരന് കണ്ണൂരിൽ പൊലീസിന്‍റെ ക്രൂരമർദനം. ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്നാരോപിച്ച് ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചിൽ ചവിട്ടി. ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ യാത്രക്കാരനാണ്, റെയിൽവേ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട എ.എസ്.ഐ പ്രമോദിന്‍റെ അക്രമത്തിനിരയായത്. സഹയാത്രികൻ പകർത്തിയ മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രമോദിനെ സസ്പെൻഡ് ചെയ്തു. റെയിൽവെ എസ്.പി ചൈത്ര തെരേസ ജോണിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ കുറ്റം തെളിഞ്ഞാൽ കടുത്ത നടപടി ഉറപ്പുനൽകി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും സ്വമേധയ കേസെടുത്തു.
ഞായറാഴ്ച രാത്രി ഏഴരയോടെ കണ്ണൂരിൽനിന്ന് ട്രെയിൻ വിട്ടതോടെ എസ് രണ്ട് സ്ലീപ്പർ കോച്ചിലാണ് സംഭവം. സീറ്റിലിരുന്ന യാത്രക്കാരനോട് എ.എസ്.ഐ ടിക്കറ്റ് ആവശ്യപ്പെട്ടു. ജനറൽ ടിക്കറ്റ് മാത്രമാണ് കൈയിലുള്ളതെന്നായിരുന്നു മറുപടി. ടിക്കറ്റിനായി കീശ പരതുന്നതിനിടെ എ.എസ്.ഐ കോളറിൽ പിടിച്ചുവലിച്ച് മർദിച്ച് നിലത്തിട്ടു. നെഞ്ചിൽ ഒന്നിലേറെ തവണ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. ട്രെയിൻ വടകരയിൽ എത്തിയപ്പോൾ യാത്രക്കാരനെ ഇറക്കിവിടുകയും ചെയ്തു. ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ മർദനമെന്ന് മറ്റ് യാത്രക്കാർ പറയുന്നു.
അതിക്രമം ട്രെയിനിലുള്ളവർ ചോദ്യം ചെയ്തുവെങ്കിലും യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു എ.എസ്.ഐയുടെ വിശദീകരണം. സംഭവത്തില്‍ പാലക്കാട് റെയിൽവേ ഡിവൈ.എസ്.പി പ്രാഥമിക റിപ്പോർട്ട് നൽകി. മദ്യപിച്ച് രണ്ടുപേർ പ്രശ്നമുണ്ടാക്കുന്നതായി യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു യാത്രക്കാരൻ തീർത്തും മോശം അവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് പെൺകുട്ടികൾക്കുസമീപം ഇരുന്ന ഇയാളെ മാറ്റുന്നതിനിടയിൽ നിലത്തുവീണു. അതിനിടയിലാണ് ഷൂസുകൊണ്ട് എ.എസ്.ഐ ചവിട്ടിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.
യാത്രക്കാരനെ കണ്ടെത്താനായില്ല
കണ്ണൂർ: ട്രെയിനിൽ പൊലീസ് മർദനത്തിനിരയായ യാത്രക്കാരൻ ആരെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ട ഇയാളെ കണ്ടെത്താനായില്ല. ഇയാളുടെ പേരുവിവരങ്ങളൊന്നും പൊലീസ് ശേഖരിച്ചിട്ടുമില്ല. കസ്റ്റഡിയിലെടുക്കുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നതാണ് പൊലീസിന്‍റെ പ്രാഥമിക നടപടി. ഈ സംഭവത്തിൽ അതൊന്നുമുണ്ടായില്ല.
തിരിച്ചറിയൽ കാർഡോ പേരോ ആവശ്യപ്പെടാതെ മർദിച്ച് അവശനാക്കി ട്രെയിനിൽനിന്ന് പുറത്താക്കുകയാണ് എ.എസ്.ഐ ചെയ്തത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടി.ടി.ഇ ആണ്. ടിക്കറ്റില്ലാത്ത യാത്രക്ക് സ്വീകരിക്കേണ്ട പിഴയൊടുക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടതും ടി.ടി.ഇയാണ്. ടി.ടി.ഇ പറഞ്ഞതനുസരിച്ചാണ് പൊലീസ് ഇടപെട്ടതെന്നാണ് എ.എസ്.ഐയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.