ഹെൽമറ്റ് പരിശോധനക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് ലോക്കപ്പിൽ ക്രൂര മർദനം
text_fieldsമാനന്തവാടി: ഹെൽമറ്റ് പരിശോധിക്കുന്നതിനിടെ ബൈക്ക് നിർത്താതെ പോയ യുവാവിനെ പിന്തുടർന്ന് വീട്ടിൽ കയറി പിടികൂടിയ പൊലീസ് ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. പുൽപള്ളി പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ചയാണ് സംഭവം. മർദനമേറ്റ കുറ്റ്യാടി കാവിലുംപാറ ചാപ്പൻ തോട്ടം ഓതറക്കുന്നേൽ റോയി തോമസിനെ (46) പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുൽപള്ളി പാടിച്ചിറ ഇല്ലിചുവട്ടിലെ ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു റോയി. ഹെൽമറ്റ് ധരിക്കാത്തതിന് റോയിയുടെ ബൈക്കിന് പൊലീസ് കൈകാണിച്ചിരുന്നുവത്രെ. എന്നാൽ, കൈകാണിച്ചത് കണ്ടില്ലന്ന് റോയി പറയുന്നു. നിർത്താതെ പോയ ഇയാളെ ഭാര്യവീട്ടിൽ കയറിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീപ്പിലിട്ടും സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടും ക്രൂരമായി മർദിച്ചു. ഇടത് കാലിനും കൈക്കും ലാത്തികൊണ്ടടിച്ചു. കാലിെൻറ പാദത്തിൽ ചൂരൽ പ്രയോഗവും നടത്തി.
വയറിന് ബൂട്ട് കൊണ്ട് ചവിട്ടി. ലാത്തിയടിയേറ്റ് കൈവിരലിന് പൊട്ടലുണ്ട്. എന്നാൽ, വാഹന പരിശോധനക്കിടെ യുവാവ് പൊലീസിനെ മർദിച്ചുവെന്നും പരുക്കേറ്റ എ.എസ്.ഐ പുഷ്പാംഗതൻ ആശുപത്രിയിൽ ചികിത്സതേടി എന്നുമാണ് പൊലീസ് ഭാഷ്യം. തിങ്കളാഴ്ച പ്രതിയെ ബത്തേരി കോടതിയിൽ ഹാജരാക്കിയപ്പോൾ റോയിയുടെ ശാരീരിക സ്ഥിതിയിൽ സംശയം തോന്നിയ മജിസ്ട്രേറ്റ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് മർദനവിവരം യുവാവ് തുറന്നുപറഞ്ഞത്. ഉടൻ ജാമ്യം നൽകിയശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ മജിസ്ട്രേറ്റ് നിർദേശിക്കുകയായിരുന്നു. നാല് പൊലീസുകാർ ചേർന്നാണ് ക്രൂരമായി മർദിച്ചതെന്നും ചിലർ മദ്യപിച്ചിരുന്നുവെന്നും ആയിരം രൂപ നൽകിയാൽ വിട്ടയക്കാമെന്നും മർദനശേഷം പൊലീസ് പറഞ്ഞുവെന്നും റോയി പറയുന്നു. കോടതി പ്രശ്നത്തിൽ ഇടപ്പെട്ടതോടെസംഭവം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.