ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായോ? പരാതിപ്പെടാൻ പൊലീസ് കാൾ സെന്‍റർ
text_fieldsതിരുവനന്തപുരം: ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നൽകുന്നതിനുള്ള കേരള െപാലീസിന്റെ കാൾ സെൻറർ സംവിധാനം നിലവിൽ വന്നു.
തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചതിനെ തുടർന്നാണ് നടപടി. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കേന്ദ്രീകൃത കാൾ സെന്‍റർ.
കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേന്ദ്രീകൃത കാൾ സെന്‍റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്‍ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്‍റെ ഏതു ഭാഗത്തു നിന്നും തത്സമയം അറിയിക്കാം.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി അറിയിക്കേണ്ടതാണ്. കാൾ സെന്‍ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.