സിവിൽ കേസുകളിൽ പൊലീസ് എഫ്.ഐ.ആർ ഇല്ലാതെ കേസെടുക്കാമെന്ന് ഇ.ഡി
text_fieldsകൊച്ചി: സിവിൽ സ്വഭാവമുള്ള കേസുകളിൽ പൊലീസ് അടക്കം അന്വേഷണ ഏജൻസികൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്താൻ തടസ്സമില്ലെന്ന് ഇ.ഡി ഹൈകോടതിയിൽ. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സുപ്രീംകോടതി ഉത്തരവുകൾ നിലവിലുള്ളതായും ഇ.ഡി വ്യക്തമാക്കി. ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ എം.ഡിയും ഉദ്യോഗസ്ഥരും നൽകിയ ഹരജിയിലാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് അടക്കം ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഇ.ഡി അന്വേഷണം ചോദ്യം ചെയ്താണ് ഹരജി.
എക്സാലോജിക് അടക്കമുള്ള സ്ഥാപനവുമായി നടന്നത് വ്യാജമായ പണമിടപാടായിരുന്നുവെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡ്വ. സുഹൈബ് ഹുസൈൻ ചൂണ്ടിക്കാട്ടി. ഇടപാടിൽ പൊതുമേഖല കമ്പനിയും പങ്കാളിയായതിനാൽ ഇടപാടിലൂടെ പൊതുസമൂഹത്തെയും വഞ്ചിച്ചിരിക്കുകയാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ ഇ.ഡിക്ക് അന്വേഷണം നടത്താനാകില്ലെന്നാണ് ഹരജിയിലെ വാദം. എന്നാൽ, സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നതായി ഇ.ഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഹരജി തിങ്കളാഴ്ച വാദം തുടരാനായി ജസ്റ്റിസ് ടി.ആർ. രവി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.