മാനസിക സമ്മർദമുണ്ടെന്ന പേരിൽ പൊലീസിന് എന്തും ചെയ്യാനാകില്ല -ഹൈകോടതി
text_fieldsകൊച്ചി: പൊലീസ് മേധാവി നിരന്തരം നിർദേശങ്ങൾ നൽകിയിട്ടും പൊലീസിന്റെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതെന്തെന്ന് ഹൈകോടതി. സമ്മർദമുണ്ടെന്ന പേരിൽ എന്തും ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.
1965 മുതൽ ഇതുവരെ 10 സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളോട് പൊലീസിന്റെ പെരുമാറ്റം എങ്ങനെയാകണമെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസവും ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇനിയും സർക്കുലർ ഇറക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഇത് അവസാനത്തേതാകണം. നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. രാജ്യത്തുതന്നെ മികച്ച പൊലീസാണ് കേരളത്തിലേത്. അതിനെ കൂടുതൽ മികച്ചതാക്കുകയാണ് വേണ്ടത്. പുതിയ പൊലീസാണ് ഇനി വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി ഹാജരായ അഭിഭാഷകനോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തെതുടർന്നുള്ള ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. ഓൺലൈൻ വഴി ഹാജരായ പൊലീസ് മേധാവി ഇത് കോടതിയിൽ ഹാജരാക്കി. ആലത്തൂർ സംഭവത്തിൽ ആരോപണവിധേയനായ എസ്.ഐ വി.ആർ. റെനീഷും കോടതിയിൽ ഹാജരായിരുന്നു. പെരുമാറ്റം സംബന്ധിച്ച ഹൈകോടതിയുടെ ഉത്തരവും പൊലീസ് മേധാവിയുടെ സർക്കുലറും നിലവിലുള്ള വിവരം അറിയില്ലായിരുന്നോയെന്ന് എസ്.ഐയോട് കോടതി വാക്കാൽ ചോദിച്ചു. സംഭവത്തിൽ അദ്ദേഹം അഭിഭാഷക മുഖേന നിരുപാധികം മാപ്പ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.എൻ. ഉണ്ണികൃഷ്ണനും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.
ട്രെയിനിങ് കാലം മുതൽ സേനാംഗങ്ങൾക്ക് നല്ല പെരുമാറ്റത്തിൽ പരിശീലനം നൽകുന്നുണ്ടെന്ന് ഡി.ജി.പി വിശദീകരിച്ചു. ഒറ്റപ്പെട്ട സംഭവത്തിൽ യഥാസമയം നടപടി സ്വീകരിക്കാറുമുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ശാസന മാത്രം മതിയാവില്ലെന്നും സമ്മർദമുണ്ടെന്ന പേരിൽ എന്തും ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.