32.21 ലക്ഷം നഷ്ടമെന്ന്; ആർ.ടി.ഒക്കെതിരെ പൊലീസ് കേസ്
text_fieldsചേര്‍ത്തല: മോട്ടോർ വാഹന വകുപ്പിന് നികുതി, ഫീസ് തുടങ്ങിയ ഇനങ്ങളിൽ ലഭിക്കേണ്ട 32,21,165 രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ ആർ.ടി.ഒക്കെതിരെ പൊലീസ് കേസ്. നിലവില്‍ തൃശൂര്‍ എൻഫോഴ്സ്മെന്റ് ആര്.ടി.ഒയായ ജെബി ഐ. ചെറിയാനെതിരെയാണ് ചേർത്തല പൊലീസ് കേസെടുത്തത്. ചേർത്തല ജോയന്റ് ആർ.ടി.ഒ ആയിരുന്ന കാലയളവിൽ നിരവധി ക്രമക്കേടുകൾ നടത്തിയതായി കാണിച്ച് ആലപ്പുഴ ആര്.ടി.ഒ എ.കെ. ദിലു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കേസെടുത്തത്.
2021 ഫെബ്രുവരി 15 മുതല്‍ 2023 നവംബര്‍ 25 വരെ കാലയളവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളും മാര്‍ഗ നിർദേശങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ചെന്നു കാട്ടിയായിരുന്നു റിപ്പോര്‍ട്ട്.
വാഹനങ്ങളുടെ നികുതി ഇളവുകള്‍, നികുതി ഒഴിവാക്കല്‍, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കല്‍, കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ വീണ്ടും ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കല്‍, റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ആര്.ടി.ഒക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയായിരുന്നു ജെബി ഐ. ചെറിയാൻ. മാര്‍ച്ച് രണ്ടിന് ചേര്‍ത്തല ഓഫിസില്‍ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതായി കാട്ടി ഡെപ്യൂട്ടി കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.