സജി സേവ്യർ സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞു; ഒടുവിൽ ‘തൊപ്പി’ക്കെതിരെ പൊലീസ് കേസ്
text_fieldsശ്രീകണ്ഠപുരം: യൂട്യൂബറുടെ ക്രൂരവിനോദത്തിൽ ജീവിതം വഴിമുട്ടിയ സജി സേവ്യർ ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞു. പുറത്തിറങ്ങി തൊഴിലെടുക്കാനും ഭാര്യയും മക്കളുമൊത്ത് വീട്ടിനകത്ത് സ്വസ്ഥമായി കഴിയാനും ‘തൊപ്പി’യെന്ന മുഹമ്മദ് നിഹാദിന്റെ ക്രൂരതകൾ കാരണം കഴിയുന്നില്ലെന്ന് പറഞ്ഞ് കാലുപിടിച്ച് കരഞ്ഞതോടെ പൊലീസ് കേസെടുക്കാൻ തയാറായി. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിൽ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് ഐ.ടി നിയമപ്രകാരം കേസെടുത്തത്.
കമ്പിവേലി നിർമിച്ച് നൽകി ഉപജീവനം കഴിക്കുന്നയാളാണ് സജി സേവ്യർ. മാസങ്ങൾക്കുമുമ്പ് ഇയാൾ മാങ്ങാട് കമ്പിവേലി നിർമിച്ച് നൽകുകയും അവിടെ തന്റെ ഫോൺ നമ്പർ രേഖപ്പെടുത്തിയ ബോർഡ് വെക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേ സജി സേവ്യറെ തൊപ്പി നിഹാദ് മൊബൈൽ ഫോണിൽ വിളിക്കുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തു. പിന്നാലെ ഈ സംസാരത്തിന്റെ ഓഡിയോയും മൊബൈൽ നമ്പർ അടക്കമുള്ള വിഡിയോയും പകർത്തി യുട്യൂബിലൂടെയും മറ്റും പ്രചരിപ്പിച്ചു. ഇതിനു ശേഷം രാപ്പകൽ ഭേദമന്യേ നിരവധി പേരാണ് സജി സേവ്യറെ ഫോണിൽ വിളിച്ച് അശ്ലീലം പറയാൻ തുടങ്ങിയത്.
വിളിക്കുന്നവരിൽ ഭൂരിപക്ഷവും 11നും 16നും ഇടയിൽ പ്രായമുള്ളവരാണ്. ആൺകുട്ടികളും പെൺകുട്ടികളും ഇക്കൂട്ടത്തിലുണ്ട്. ചില സ്ത്രീകളും സജി സേവ്യറെ ഫോണിൽ വിളിച്ച് അശ്ലീലം പറയും. സംഭവം അസഹനീയമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 17ന് സജി സേവ്യർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. എന്നാൽ, അന്ന് പൊലീസ് കേസെടുത്തില്ല.
മുഹമ്മദ് നിഹാദിനെ കഴിഞ്ഞ 23ന് മലപ്പുറം വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തൊപ്പിക്കെതിരെ പരാതികൾ ഉയർന്നത്. വളാഞ്ചേരി കരിങ്കല്ലത്താണിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയ തൊപ്പി അശ്ലീല ഭാഷയിൽ സംസാരിക്കുകയും അശ്ലീല പാട്ട് പാടുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
അശ്ലീല ഫോൺ സംഭാഷണത്തിന് സജി സേവ്യറിന് മറുപടിപോലും പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. നിരന്തര ഫോൺ വിളിയും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി സജി സേവ്യറിന് ഉപജീവനമാർഗം പോലും നഷ്ടപ്പെട്ടു. മൊബൈൽ ഫോൺ നമ്പർ മാറ്റാമെന്നുവെച്ചാൽ പലയിടങ്ങളിലും സജി സേവ്യർ സ്ഥാപിച്ച പരസ്യ ബോർഡുകളിലുള്ളത് ഈ നമ്പറാണ്.
ജീവിതം വഴിമുട്ടിയതോടെ റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പിന്നാലെ ചൊവ്വാഴ്ച തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദിന്റെ മുമ്പാകെയെത്തി തന്റെ ദുരിതാവസ്ഥ വിവരിക്കുകയും ചെയ്തു. തുടർന്നാണ് ഡിവൈ.എസ്.പിയുടെ നിർദേശാനുസരണം ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. തൊപ്പിക്ക് പുറമെ സജി സേവ്യറെ ഫോണിൽ വിളിച്ച് അശ്ലീല സംസാരം നടത്തിയവരും കേസിൽ പ്രതികളാകും. ജില്ലയിൽ കണ്ണപുരം പൊലീസും തൊപ്പിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.