കടുത്തുരുത്തിയിലെ വീട്ടിലെ കള്ളനെ പാലായിലിരുന്ന് കണ്ടു; പൊലീസ് ഓടിച്ചിട്ട് പിടികൂടി, കള്ളന് പണികൊടുത്തത് സി.സി.ടി.വി
text_fieldsകോട്ടയം: മാതാപിതാക്കൾ മാത്രം താമസിക്കുന്ന കടുത്തുരുത്തിയിലെ വീട്ടിൽ രാത്രി കള്ളനെത്തിയ വിവരം പാലായിലിരുന്ന് മകൾ കണ്ടത് സി.സി.ടി.വിയുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിലൂടെ. രാത്രി 1.30ഓടെയാണ് സംഭവം. ഉടൻ തന്നെ അയൽവാസിയെ വിവരമറിയിച്ചു. അയൽവാസി പൊലീസിനെ വിളിച്ചു. കൃത്യമായി ഇടപെടാൻ പൊലീസും തയാറായതോടെ മിനിറ്റുകൾക്കകം കള്ളൻ കൈയോടെ പിടിയിൽ.
വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവരുടെ മകൾ പാലായിലാണ് താമസം. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ മകളുടെ ഫോണിൽ തത്സമയം ലഭിക്കുമായിരുന്നു. രാത്രി ഓൺലൈൻ ജോലികൾ തീർത്ത് കിടക്കാൻ പോകുന്ന സമയത്താണ് മകൾ സി.സി.ടി.വി പരിശോധിക്കുന്നത്.
സ്ത്രീകളുടെ മാക്സി ധരിച്ച് ഒരാളെത്തുന്നതും സി.സി.ടി.വി മൂടാൻ ശ്രമിക്കുന്നതുമാണ് മകൾ കണ്ടത്. ഉടൻ തന്നെ ഇവർ അയൽവാസിയെ വിവരമറിയിക്കുകയായിരുന്നു. അയൽവാസി തലയോലപ്പറമ്പ് എസ്.ഐ. ജെയ്മോനെ വിളിച്ചു പറഞ്ഞു. വെള്ളൂർ സ്റ്റേഷൻ പരിധിയിലാണ് വീടെങ്കിലും എസ്.ഐ. ജെയ്മോൻ സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ വെള്ളൂർ സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു.
പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ ഒന്നാംനിലയിലായിരുന്നു മോഷ്ടാവ്. പൊലീസിനെ കണ്ടതും ഇയാൾ ചാടിയിറങ്ങി ഓടി. റോഡിലൂടെയും റബർ തോട്ടത്തിലൂടെയും ഓടിയ മോഷ്ടാവിനെ പൊലീസ് പിന്നാലെ ഓടി കീഴ്പ്പെടുത്തുകയായിരുന്നു.
കീഴൂര്‍ സ്വദേശിയും ഇപ്പോള്‍ ആലപ്പുഴയില്‍ താമസിക്കുന്നയാളുമായ ചിറ്റേത്ത് പുത്തന്‍പുരയില്‍ റോബിന്‍സനാണ് (32) പിടിയിലായത്. സ്ത്രീകളുടെ മാക്സി ധരിച്ചായിരുന്നു മോഷ്ടാവ് എത്തിയത്. ഇയാളിൽ നിന്ന് വീട് കുത്തിത്തുറക്കാനുള്ള ആയുധം പിടികൂടി. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.