എടാ, എടീ വിളി നിർത്താൻ എന്ത് നടപടി സ്വീകരിച്ചു? പൊലീസ് നന്നായില്ലെങ്കിൽ മേലുദ്യോഗസ്ഥരെ ഉത്തരവാദിയാക്കാൻ മടിക്കില്ല - ഹൈകോടതി
text_fieldsകൊച്ചി: മോശമായി പെരുമാറുകയും അക്രമം നടത്തുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തപക്ഷം മേലുദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി നടപടിക്ക് മടിക്കില്ലെന്ന് ഹൈകോടതി. മാന്യമായി പെരുമാറാൻ പൊലീസിന് നിർദേശം നൽകാൻ ആവശ്യപ്പെട്ട് കഴിഞ്ഞവർഷം സെപ്റ്റംബർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ മുന്നറിയിപ്പ്.
പൊലീസിന്‍റെ എടാ, എടീ വിളികൾ പൊതുജനത്തോട് വേണ്ടെന്ന് നിർദേശിച്ചായിരുന്നു കഴിഞ്ഞ വർഷത്തെ ഉത്തരവ്. ഇതേതുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി സർക്കുലർ ഇറക്കിയതായി സർക്കാറിനുവേണ്ടി ഗവ. പ്ലീഡർ അറിയിച്ചു. എന്നാൽ, സർക്കുലർ പുറപ്പെടുവിച്ചുവെന്നുമാത്രം പറയുന്ന റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, ഉത്തരവ് നടപ്പാക്കാൻ ഉന്നതതലം മുതൽ താഴെത്തട്ടുവരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.
തൃശൂർ ചേർപ്പ് സ്വദേശിയും വ്യാപാരിയുമായ ജെ.എസ്. അനിൽ നൽകിയ ഹരജിയിലായിരുന്നു കോടതി നേരത്തേ നിർദേശം നൽകിയത്. ചേർപ്പ് എസ്.ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.