മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പേരൂർക്കടയിൽ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനം ഏറ്റതായി റിപ്പോർട്ട്. പേരൂർക്കട സ്വദേശിനി ദീപ അശോകനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകൻ അക്ഷയാണ് (23) പൊലീസിെൻറ ക്രൂരമർദനത്തിനിരയായതെന്ന് ജയിൽ വകുപ്പ് മേധാവി ആർ. ശ്രീലേഖയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇതുസംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് ജയിൽ ഡി.ജി.പി സമർപ്പിച്ചു. ഇൗ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയുമുണ്ടാകും. ഡിസംബർ 25നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദീപ അശോകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിലാണ് മകൻ അക്ഷയിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
മാതാവിനെ കൊലപ്പെടുത്തിയശേഷം എൻജിനീയറിങ് വിദ്യാർഥിയായ അക്ഷയ് അശോകൻ പലതരത്തിലുള്ള നുണപ്രചാരണങ്ങളും നടത്തിയിരുന്നു. വിദേശത്തുള്ള പിതാവിനെയും സഹോദരിയെയും വിളിച്ച് തെറ്റിദ്ധാരണ പരത്തുന്ന പലകാര്യങ്ങളും പറഞ്ഞു. പൊലീസിന് മുമ്പാകെ നൽകിയ മൊഴികളും പലകുറി മാറ്റുകയുണ്ടായി. പൊലീസിെൻറ നിരന്തരമായ ചോദ്യംചെയ്യലിനൊടുവിലാണ് അക്ഷയ് താൻ തന്നെയാണ് മാതാവിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്.
മാതാവിനോടുള്ള അഭിപ്രായവ്യത്യാസവും സംശയവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് അക്ഷയ് പൊലീസ് ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുള്ള ദേഹപരിശോധനയിലും ജയിൽ ആശുപത്രിയിലെ പരിശോധനയിലും അക്ഷയിന് പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.