വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ വാദം പൊളിയുന്നു. തങ്ങളെ പരിശോധനക്ക് വിധേയരാക്കണമെന്ന് പിടിയിലായ പ്രവർത്തകരടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന മെഡിക്കൽ കോളജിൽ നടന്നില്ല. പരിശോധനക്ക് ഡോക്ടർമാർ നിർദേശിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'മുദ്രാവാക്യം പോലും ശരിയായി വിളിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു, മദ്യപിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നു' എന്നാണ് ഇ.പി ജയരാജൻ ആരോപിച്ചിരുന്നത്. എന്നാൽ, തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും വൈദ്യപരിശോധന നടത്തി തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളും ഈ ആവശ്യവുമായി രംഗത്തുവന്നിരുന്നു.
വിമാനത്താവളത്തിൽനിന്നും ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് എത്തിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനം മാറ്റി മെഡിക്കൽ കോളജിലേക്കാണ് ഇന്നലെ രാത്രി എത്തിച്ചത്. ഇതിൽ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു.
ഇന്നലെ കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് 3.50നു കണ്ണൂരിൽനിന്ന് പുറപ്പെട്ട 72 പേരുള്ള 6-ഇ 7407 നമ്പർ ഇൻഡിഗോ വിമാനത്തിൽ എട്ടംഗ കമാൻഡോകളുമായാണ് മുഖ്യമന്ത്രി കയറിയത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാനൊരുങ്ങവെ മൂന്നംഗ സംഘം പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ഇവരെ തടയുകയും തള്ളി മാറ്റുകയും ചെയ്തു.
ഇവരിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ. നവീൻ കുമാർ എന്നിവരെ സി.ആർ.പി.എഫ് പിടികൂടി വലിയതുറ പൊലീസിന് കൈമാറി. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഗൂഢാലോചന, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, എയർക്രാഫ്‌ട് ആക്ട് പ്രകാരമുള്ള വകുപ്പുകൾ എന്നിവയും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.