വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി. ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്
text_fieldsകൽപറ്റ: മുനമ്പം വിഷയത്തിൽ വിദ്വേഷ പരാമർശമുള്ള പ്രസംഗം നടത്തിയ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് നടപടികൾ അവസാനിപ്പിച്ചത്. വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിനായി കമ്പളക്കാട് നവംബർ ഒമ്പതിന് നടത്തിയ പൊതുയോഗത്തിലാണ് വിവാദപരാമർശം ഉണ്ടായത്. വഖഫ് എന്നത് നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
അമിത് ഷായുടെ ഓഫിസിൽ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ട്. അത് പ്രചരിപ്പിക്കണം. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കുമെന്നും വഖഫ് ബില് നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സമാനമായ പരാമർശമാണ് ബി. ഗോപാലകൃഷ്ണനും നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്. ഇതിനെതിരെ കെ.പി.സി.സി മീഡിയ പാനലിസ്റ്റ് അഡ്വ. വി.ആർ. അനൂപാണ് കമ്പളക്കാട് പൊലീസിൽ നവംബർ ഒമ്പതിന് പരാതി നൽകിയത്.
എന്നാൽ, പൊലീസ് അനൂപിൽ നിന്ന് മൊഴിയെടുക്കുകയോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെടുകയോ ചെയ്തില്ല. പൊലീസുമായി ബന്ധപ്പെട്ടപ്പോൾ, പരാതിയിൽ നിയമോപദേശം തേടുകയാണെന്നായിരുന്നു മറുപടി. എന്നാൽ, ബുധനാഴ്ചയാണ് കമ്പളക്കാട് പൊലീസിൽ നിന്ന്, പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചുവെന്ന നോട്ടീസ് ലഭിച്ചത്. പൊലീസിൽ നിന്ന് സംഘ്പരിവാറിന് ലഭിക്കുന്ന പ്രത്യേക പരിഗണനയാണ് ഈ സംഭവത്തിലും തെളിഞ്ഞതെന്ന് അനൂപ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.