ഇ.പിയുമായി ഡി.സിക്ക് കരാർ ഇല്ല; ധാരണ ഉണ്ടായിരുന്നുവെന്ന് ജീവനക്കാരുടെ മൊഴി
text_fieldsകോട്ടയം: ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനുമായി പ്രസാധകരായ ഡി.സി ബുക്സിന് കരാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. കരാറില്ലെന്നും ധാരണയുണ്ടെന്നുമാണ് ഡി.സി ബുക്സ് ജീവനക്കാർ നൽകിയ മൊഴി. രവി ഡി.സിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാൽ മൊഴിനൽകാൻ ഇ.പി അന്വേഷണ സംഘത്തോട് സമയം തേടി.
ഇ.പി ജയരാജന്‍റെ പേരിള്ള പുസ്തകം സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. ഡി.സി ബുക്സ് ജീവനക്കാരിൽനിന്ന് മൊഴിയെടുത്ത അന്വേഷണ സംഘം വൈകാതെ ഉടമ ഡി.സി. രവിയുടെ മൊഴിയും എടുക്കും. കരാറില്ലെന്നും ആശയവിനിമയം നടത്തി പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി ഇ.പിയുമായി ധാരണയിലെത്തിയിരുന്നു എന്നുമാണ് ജീവനക്കാരുടെ മൊഴി. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, ബൗദ്ധിക സ്വത്തവകാശ ലംഘനം എന്നീ കുറ്റങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും.
പൊലീസ് അന്വേഷണത്തിൽ തങ്ങളുടെ വിശ്വാസം തെളിയിക്കേണ്ടത് ഡി.സി ബുക്സിനും ഇ.പി. ജയരാജനും ഒരുപോലം നിർണായകമാണ്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച പൊലീസ് ഡി.ജി.പിക്ക് സമർപ്പിക്കും. ഇതിനു ശേഷമാകും ആവശ്യമെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുക.
‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പേരില്‍ ഈ മാസം 11നാണ് ഡി.സി ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ പുസ്തകത്തിന്റെ പി.ഡി.എഫ് ചോരുകയും വിവാദമാകുകയും ചെയ്തതോടെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും പ്രകാശനം മാറ്റിവെച്ചെന്നും ഡി.ഡി ബുക്‌സ് പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ.പി പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. പി. സരിനെതിരെയും ജയരാജന്‍ ആത്മകഥയില്‍ പറയുന്നതായി പുറത്ത് വന്ന പി.ഡി.എഫില്‍ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.