പോപുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യം: പൊലീസ് കേസെടുത്തു
text_fieldsആലപ്പുഴ: ശനിയാഴ്ച ആലപ്പുഴയിൽ പോപുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടിയെന്നും റിപ്പോർട്ടുണ്ട്.
10 വയസ്സുപോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും മറ്റുള്ളവർ ഏറ്റുവിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
എന്നാൽ, കുട്ടിവിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.ഇ. റഊഫ് പറഞ്ഞു. മുദ്രാവാക്യം സംഘാടകർ നേരത്തേതന്നെ നൽകിയിരുന്നു. ഒഴുകിയെത്തിയ ആൾക്കൂട്ടത്തിൽനിന്ന് ആർ.എസ്.എസിന്‍റെ ഹിന്ദുത്വ ഭീകരതക്കെതിരെ പലവിധ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു മുദ്രാവാക്യം കുട്ടി ഉച്ചത്തിൽ വിളിക്കുന്നത് ആ ദൃശ്യം പ്രചരിച്ചശേഷമാണ് ശ്രദ്ധയിൽപെടുന്നത്. ഏതെങ്കിലും നിലക്കുള്ള അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ നയമോ ശൈലിയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.