വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതിക്ക് പൊലീസ്; റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് ഊര് സന്ദർശിച്ചു
text_fieldsതിരുവനന്തപുരം: പ്രണയത്തകർച്ച കാരണം പെൺകുട്ടികൾ ആത്മഹത്യ ചെയ്ത വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്. രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും കൗൺസലിങ് അടക്കം വിവിധ വകുപ്പുകളുമായി ചേർന്നുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. ലഹരി മാഫിയ പെൺകുട്ടികളെ സ്വാധീനിച്ച് പ്രണയക്കുരുക്കിൽപെടുത്തുന്നതായി ആക്ഷേപമുണ്ട്. ഊരുകളിലെ ലഹരി സംഘങ്ങളെ നിരീക്ഷിക്കുന്നതായി അവിടം സന്ദർശിച്ച റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
മേഖലയിലെ അഞ്ച് പെൺകുട്ടികൾ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു. തങ്ങളുടെ മക്കളെ ചിലർ ചതിക്കുഴിയിൽ വീഴ്ത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന ആരോപണവുമായി രക്ഷാകർത്താക്കൾ രംഗത്തെത്തി. ലഹരി മാഫിയക്ക് തടയിടുന്നില്ലെന്നും പല കേസുകളിലും യഥാർഥ പ്രതികളെ പിടികൂടുന്നില്ലെന്നും അവർ പരാതിപ്പെട്ടു.
പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലായി നാല് മാസത്തിനിടെ അഞ്ച് പെൺകുട്ടികളാണ് ആത്മഹത്യ ചെയ്തത്. മരിച്ച പെൺകുട്ടിയുടെ വീട് റൂറൽ എസ്.പി സന്ദർശിച്ചു. ഊരുകൂട്ടങ്ങളിൽനിന്ന് വിവരം ശേഖരിച്ചു. ഊരിന് പുറത്തുനിന്ന് എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിച്ചത്. പട്ടികജാതി വകുപ്പിനെതിരെയും പരാതി ഉയർന്നു. ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനശേഷം എസ്.പി പറഞ്ഞു. സ്കൂൾ തലം മുതൽ ആൺ-പെൺ ഭേദമന്യേ ബോധവത്കരണം നൽകും. പൊലീസ് വനം, പട്ടികജാതി ക്ഷേമ വകുപ്പുകളുമായി ചേർന്നാണ് ബോധവത്കരണം നടത്തുക. ഊരുകളിൽ സി.സി.ടി.വി ഉൾപ്പെടെ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.