യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്ന് 24 കാര്‍ഡുകള്‍ കണ്ടെത്തിയെന്ന് പൊലീസ്; കൈമാറിയതിന് തെളിവെന്ന്
text_fieldsയൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന പരാതിയിലെ അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. പത്തനംതിട്ട അടൂരിൽ നിന്നും പിടിയിലായ യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്ന് 24 കാര്‍ഡുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അഭി വിക്രമിന്‍റെ ഫോണ്‍, ബിനിലിന്‍റെ ലാപ് ടോപ് എന്നിവയില്‍ നിന്നാണ് വ്യാജകാര്‍ഡുകള്‍ കൈമാറിയെന്നതിന് തെളിവ് ലഭിച്ചത്. അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് സംശയം ബലപ്പെടുകയാണ്. നിലവില്‍ പിടിയിലായവരെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തരാണെന്ന് പറയുന്നു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിപ്പിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസ് തീരുമാനം. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായി സൂചന ലഭിച്ചുവെന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുകയെന്നറിയുന്നു. അതിനുപയോഗിച്ച മൊബൈൽ ആപ്പ് കണ്ടെടുത്തതായും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വിശദ അന്വേഷണം നടന്നു വരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികൾ തീരുമാനിക്കാൻ കഴിയും.
ഡി.വൈ.എഫ്.ഐ പരാതിയിലായിരുന്നു അന്വേഷണം. 10 പരാതികൾ വേറെയും പൊലീസിനു ലഭിച്ചിട്ടുണ്ട്. പുറത്തു വന്നതു മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ നിർമിക്കപ്പെട്ടതായി അന്വേഷണ സംഘം സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പന്തളത്തു നിന്നു പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കാനും നിർദേശിച്ചിരിക്കുകയാണ്. സർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പി.വി. രതീഷിനും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ നൽകാൻ യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചു.
വിഷയത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിരുന്നില്ല. മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാൽ നിയമപരമായ നടപടികളുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.