Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഭദ്ര കൊലക്കേസ്...

സുഭദ്ര കൊലക്കേസ് പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ്; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മാത്യുസ് പ്രതി

text_fields
bookmark_border
സുഭദ്ര കൊലക്കേസ് പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ്; ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മാത്യുസ് പ്രതി
cancel

ആലപ്പുഴ: വയോധികയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ്. കൊച്ചി കടവന്ത്ര കർഷക റോഡ് ‘ശിവകൃപ’യിൽ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ സുഭദ്രയെ കൊലപ്പെടുത്തിയ പ്രതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -33), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (30) എന്നിവർ മുമ്പും കുറ്റകൃത്യങ്ങൾ ചെയ്തവരാണെന്ന് പൊലീസ് പറയുന്നു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വഴിയിലൂടെ പോകുന്ന സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതിയാണ് മാത്യൂസ്. പിന്നീട് ഇരുവരും ചേർന്ന് കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. മുമ്പ് മാത്യൂസിനെ ശർമിള വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണ് സുഭദ്രയെ കൊന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതക സമയത്ത് സുഭദ്രയുടെ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്നലെ കണ്ടെടുത്ത മൃതദേഹത്തിൽ സ്വർണാഭരണം ഇല്ലായിരുന്നു. സ്വർണാഭരണങ്ങൾ ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിലും ഉഡുപ്പിയിലും പണയം വെച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും പ്രതികൾ ഉടൻ തന്നെ പിടിയിലാകും പൊലീസ് പറയുന്നു. ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഡിവൈ.എസ്.പി എം.ആർ. മധു ബാബു, മണ്ണഞ്ചേരി സി.ഐ എം.ആർ. രാജേഷ്, എസ്.ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അതിനിടെ, സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായാണ് സംശയം. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് മേസ്തിരി അജയൻ മൊഴി നൽകിയിട്ടുണ്ട്. കുളിമുറി മാലിന്യവും വീട്ടിലെ മാലിന്യവും കുഴിച്ചു മൂടാനായി കുഴി എടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. മൂന്നടി താഴ്ചയിൽ കുഴി എടുത്തപ്പോൾ ആഴം പോരെന്ന് പറഞ്ഞു. വെള്ളം ഉയരുന്ന സ്ഥലമായതിനാൽ കുഴിയുടെ ആഴം കൂട്ടണമെന്ന് മാത്യുസ് ആവശ്യപ്പെട്ടു. തുടർന്ന് നാലടി താഴ്ചയിൽ കുഴിവെട്ടി.

അടുത്ത ദിവസം പറമ്പ് വൃത്തിയാക്കാൻ വന്നപ്പോൾ കുഴി മൂടിയ നിലയിലായിരുന്നു. പരിസരത്തെ മാലിന്യങ്ങളിട്ട് കുഴി മൂടിയെന്നും പണിയുടെ ആവശ്യമില്ലെന്നും പറഞ്ഞു. ആ സമയത്ത് സംശയം തോന്നിയില്ലെന്നും അജയൻ വ്യക്തമാക്കി. പ്രതിയായ ശർമിള അമിത മദ്യപാനിയാണ്. മദ്യപിച്ച ശേഷം പാട്ടും ഡാൻസും നടത്തുമായിരുന്നു. അതിനാൽ, പരിസരവാസികൾ ശ്രദ്ധിക്കില്ലായിരുന്നുവെന്നും അജയൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ നിന്ന് ഒരുമാസം മുമ്പ് കാണാതായ വയോധികയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയതായി ഇന്നലെയാണ് കണ്ടെത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് പഴമ്പാശ്ശേരി വില്യംസിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലെ ശൗചാലയത്തോടു ചേർന്ന് നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്.

ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാതായത്. ഇതുസംബന്ധിച്ച് മകൻ രാധാകൃഷ്ണൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സുഭദ്രയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനം എത്തിയത് ആലപ്പുഴ കലവൂർ കോർത്തുശ്ശേരിയിലാണെന്ന് തിരിച്ചറിഞ്ഞു. ആരാധനാലയങ്ങളിലടക്കം ഒരുമിച്ച് യാത്ര നടത്തിയ സുഭദ്രയും ശർമിളയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. സുഭദ്ര പലപ്പോഴും ശർമിളയുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സൂചന ലഭിച്ചു. ആഗസ്റ്റ് ഏഴിന് രാത്രി മൃതദേഹം കണ്ടെത്തിയ വീടിനു സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചു. പൊലീസ് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ശൗചാലയത്തിനു മുന്നിൽ പുതിയ കുഴിയെടുത്തതായി കണ്ടെത്തി.

തിങ്കളാഴ്ച സ്ഥലത്തെത്തിയ പൊലീസ് നായ് മണംപിടിച്ചാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം തിരിച്ചറിഞ്ഞത്. ആദ്യം തലമുടിയും പിന്നീട് അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തി. മൃതദേഹത്തിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മുട്ടുവേദനക്ക് അമ്മ ഉപയോഗിച്ചിരുന്ന ബാൻഡ് കണ്ടാണ് മക്കളായ രാധാകൃഷ്ണനും രാജീവും മൃതദേഹം തിരിച്ചറിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subhadra murder caseKerala Police. Murder
News Summary - Police have criminal background of Subhadra's murder case suspects
Next Story