'വാച്ച് യുവർ നെയ്ബർ' എന്ന പേരിൽ പദ്ധതിയില്ലെന്ന് പൊലീസ്; ലക്ഷ്യം സൗഹൃദാന്തരീക്ഷം
text_fieldsതിരുവനന്തപുരം: വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പൊലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ലെന്ന് സംസ്ഥാന പോലീസ് മീഡിയ സെന്റർ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ റ്റു യുവര്‍ നെയ്ബര്‍ എന്ന പദ്ധതിയാണ്. അയല്‍വാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യല്‍ മീഡിയ കാമ്പയിനാണ് സെ ഹലോ റ്റു യുവര്‍ നെയ്ബര്‍.
നഗരങ്ങളിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളില്‍ തൊട്ടയല്‍വക്കത്തെ താമസക്കാര്‍ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പൊലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വർധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്.
ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അയല്‍ക്കാര്‍ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയല്‍വാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വർധിക്കും.
അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാര്‍ക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദര്‍ശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് പൊലീസിന്‍റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.