ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തത്. പാർട്ടിക്കായി കൊലപാതകം നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പൊലീസ് നടപടി. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലും തില്ലങ്കേരിക്കെതിരെ കേസെടുത്തിട്ടുണ്ട്.
പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന കമന്റിലൂടെയാണ് ആകാശ് സിപിഎം–ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ പ്രതികരിച്ചത്. പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷാണെന്ന് ആകാശ് തില്ലങ്കേരി കുറ്റപ്പെടുത്തി. ക്വട്ടേഷൻ ആഹ്വാനം ചെയ്തവര്‍ക്കു സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലും. പാര്‍ട്ടി സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരുമെന്നും ഫേസ്ബുക്ക് കമന്റിൽ ആകാശ് പറഞ്ഞു.
ഷുഹൈബ് വധക്കേസിലും സ്വര്‍ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജര്‍ പൊതുപരിപാടിയില്‍ ട്രോഫി സമ്മാനിച്ചതു വിവാദമായിരുന്നു. ഇക്കാര്യം, ഷാജറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി, ആകാശ് മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, ആകാശിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഇതിനുള്ള മറുപടിയിലാണ് ആകാശ് നേതൃത്വത്തെ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ ആകാശിനെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ രംഗത്ത് വന്നു. ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണെന്നും ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.