ഹരിത നേതാക്കളുെട പരാതിയിൽ പി.കെ നവാസിനും വി.എ വഹാബിനും എതിരെ പൊലീസ് കേസെടുത്തു
text_fieldsകോഴിക്കോട്: 'ഹരിത'യിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. ഐ.പി.സി 354 എ (നാല്) -സ്ത്രീകളോട് ലൈംഗികച്ചുവയോടെയുള്ള സംസാരം, ഐ.പി.സി 509 -സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾപ്രകാരമാണ് കേസ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറടക്കമുള്ളവർ ലൈംഗികമായി അധിക്ഷേപിച്ചെന്ന് കാണിച്ച് 'ഹരിത' നേരത്തെ വനിത കമീഷന് പരാതി നൽകിയിരുന്നു. ഈ പരാതി കമീഷൻ സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് തുടർ നടപടിക്കായി കൈമാറി. തുടർന്ന് പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തു. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുസ്ലിം ലീഗിെൻറ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിലെയും അതിലെ വനിത വിഭാഗമായ 'ഹരിത'യിലെയും അഭിപ്രായ വ്യത്യാസങ്ങൾ പൊതുചർച്ചയാക്കിയതിലെ അതൃപ്തി അറിയിച്ച് 'ഹരിത' സംസ്ഥാന കമ്മിറ്റി മരവിപ്പിക്കാനും ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കളിൽനിന്ന് വിശദീകരണം തേടാനും മുസ്ലിം ലീഗ് തീരുമാനിച്ചതിനു പിന്നാലെയാണ് പൊലീസ് കേസ്. ജൂൺ 22ന് എം.എസ്.എഫിെൻറ കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിൽ പ്രസിഡൻറ് നവാസ് 'ഹരിത'യുടെ അഭിപ്രായം തേടി സംസാരിക്കവെ 'വേശ്യക്കും അവരുടെതായ ന്യായീകരണം ഉണ്ടാകും' എന്ന് വിശേഷിപ്പിച്ചുവെന്നാണ് വനിത കമീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയത്. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വഹാബ് ഫോൺവഴി അസഭ്യവാക്കുകൾ പ്രയോഗിച്ചു എന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.