സ്മൃതി പരുത്തിക്കാടിനെതിരെ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു
text_fieldsമീഡിയവണ്‍ ചാനൽ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ സ്മൃതി പരുത്തിക്കാടിനെതിരായ സൈബർ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. അപകീർത്തികരമായ പ്രചാരണം നല്‍കിയ യുട്യൂബ് ചാനലിനെതിരെ കോടതിയെ സമീപിക്കാനുള്ള നടപടിയും തുടങ്ങി. മീഡിയവണിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്യും.
സ്മൃതി പരുത്തിക്കാടിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തികരമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ന്യൂസ് കഫെ ലൈവ് യുട്യൂബ് ചാനല്‍ അവതാരകനെ പ്രതിയാക്കിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്വമേധയാ കേസെടുത്തത്. ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപം ഐ.പി.സി 354 എ, സ്ത്രീത്വത്തെ അപമാനിക്കല്‍ ഐ.പി.സി 509 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പൊലീസ് ഇന്നലെ സ്മൃതി പരുത്തിക്കാടിന്‍റെ മൊഴി രേഖപ്പെടുത്തി.
അന്വേഷണം പൂർത്തിയാകുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും. സ്മൃതി പരുത്തിക്കാടിനെതിരെ മോശം പരാമർശങ്ങളുള്ള വീഡിയ പ്രചരിപ്പിച്ചതിന് ന്യൂസ് കഫെ ലൈവ് എന്ന യു ട്യൂബ് ചാനലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാനുള്ള നടപടികളും തുടങ്ങി. സ്മൃതി പരുത്തിക്കാട് വ്യക്തിപരമായും മീഡിയവണ്‍ ചാനല്‍ പ്രത്യേകമായും കേസ് ഫയല്‍ ചെയ്യും. സംപ്രേക്ഷണ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ മീഡിയവണിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ അപകീർത്തി കേസ് നല്‍കാനും നടപടികള്‍ ആരംഭിച്ചിട്ടുള്ളതായി ചാനൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.