പൊലീസ് ആസ്ഥാനത്ത് രഹസ്യ ഫയലുകൾ നഷ്ടമായിട്ടില്ലെന്ന് ഒാഡിറ്റ് റിപ്പോർട്ട്
text_fieldsകൊച്ചി: പൊലീസ് ആസ്ഥാനത്ത് ടോമിൻ തച്ചങ്കരിയെ നിയമിച്ചശേഷം അതിരഹസ്യ സ്വഭാവമുള്ള ഫയലുകളൊന്നും ടി സെക്ഷനിൽനിന്ന് നഷ്ടമായിട്ടില്ലെന്ന് ഒാഡിറ്റിങ്ങിൽ ബോധ്യപ്പെട്ടതായി സർക്കാർ ഹൈകോടതിയിൽ. അതിരഹസ്യ സ്വഭാവമുള്ള ടി സെക്ഷനിലെ 2017 മേയ് ഒന്നുമുതൽ ജൂൺ 30 വരെയുള്ള ഫയലുകളാണ് ഒാഡിറ്റിങ്ങിന് വിധേയമാക്കിയത്.
ഒമ്പത് സീറ്റിലെയും ഫയലുകൾ പൊലീസ് ആസ്ഥാനത്തെ എ.െഎ.ജിയുടെയും ഹെഡ് ക്വാർേട്ടഴ്സ് മാനേജറുടെയും നേതൃത്വത്തിൽ ഒാഡിറ്റിങ് നടത്തി. ഒരുഫയൽപോലും കാണാതായിട്ടില്ലെന്ന് ഇവർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതായും പൊതുഭരണ അണ്ടർ സെക്രട്ടറി കെ. രാജാ ശശി ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഫയൽ കാണാതായെന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ ഇത് ശരിവെക്കുന്നതൊന്നും കണ്ടെത്താനായില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചതായി സർക്കാർ നേരത്തേ ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, രഹസ്യവിഭാഗമായ ടി സെക്ഷനിൽനിന്ന് ഫയലുകൾ കാണാതായെന്ന് മുൻ ഡി.ജി.പി സെൻകുമാർ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഫയലുകളുടെ ഒാഡിറ്റിങ് നടത്താൻ ഡി.ജി.പി നിർദേശം നൽകിയിട്ടുള്ളതായും വ്യക്തമാക്കിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഒാഡിറ്റിങ്ങിനുശേഷം സർക്കാർ പുതിയ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
സുപ്രീംകോടതി ഉത്തരവനുസരിച്ച് സെൻകുമാർ ഡി.ജി.പിയായി ചുമതലയേൽക്കും മുമ്പ് ടോമിൻ ജെ. തച്ചങ്കരിയടക്കമുള്ളവരെ പൊലീസ് ആസ്ഥാനത്ത് സർക്കാർ നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.