പൊലീസ്തലപ്പത്ത് അഴിച്ചുപണി ഉടന്‍; ഐ.ജിമാര്‍ക്ക് സ്ഥലംമാറ്റമുണ്ടാകും
text_fieldsതിരുവനന്തപുരം: സംസ്ഥാന പൊലീസ്സേനയില്‍ അഴിച്ചുപണി ഉടനുണ്ടാകും. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനമുള്‍പ്പെടെ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്നതിനാല്‍ സമഗ്രമാറ്റത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൊലീസ് ആസ്ഥാനത്തും റേഞ്ച് ഐ.ജി തലത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. ക്രൈംബ്രാഞ്ച് മേധാവിയായി വനിതാഉദ്യോഗസ്ഥയെ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണനയില്‍. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ കേന്ദ്രഡെപ്യൂട്ടേഷനില്‍ പോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ റേഞ്ച് ഐ.ജിമാര്‍ക്കും മാറ്റമുണ്ടായേക്കും. ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയായി ഡെപ്യൂട്ടേഷനില്‍ പോയ ഐ.ജി എച്ച്. വെങ്കിടേഷിനെ ക്രമസമാധാന ചുമതലയിലോ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയിലോ നിയമിക്കാനാണ് സാധ്യത. എന്നാല്‍, ഇദ്ദേഹത്തെ മാറ്റരുതെന്നാണ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, പൊലീസ് ആസ്ഥാനം ഐ.ജി സുരേഷ്രാജ് പുരോഹിതിനെ മാറ്റുന്ന കാര്യത്തില്‍ ഏറക്കുറെ തീരുമാനമായിട്ടുണ്ട്. ഇവിടേക്ക് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ പരിഗണിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ കൈക്കൊള്ളുമെന്നാണ് സൂചന.
ഉന്നതങ്ങളിലെ മാറ്റം ജില്ലതലത്തിലേക്കും വ്യാപിക്കാന്‍ സാധ്യതയുണ്ട്. ക്രമസമാധാനരംഗത്ത് മികവ് തെളിയിക്കാത്തവരും പ്രതീക്ഷക്കൊത്തുയരാത്തവരുമായ എസ്.പിമാര്‍ക്കും മാറ്റമുണ്ടായേക്കും. ക്രൈംബ്രാഞ്ചിനെ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യമെന്നറിയുന്നു. പ്രമാദമായകേസുകള്‍ പലതും കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിനെ കാര്യക്ഷമമാക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യവും ആലോചനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.