ശബരിമല: ഭക്തരെ 24 മണിക്കൂറിൽ കൂടുതൽ തങ്ങാൻ അനുവദിക്കില്ല
text_fieldsതിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം തടഞ്ഞതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല പൊലീസ് യോഗത്തിൽ തീരുമാനമായി. ഭാവിയിൽ പ്രതിഷേധക്കാർ തമ്പടിച്ച് അക്രമസംഭവങ്ങൾ ആസൂത്രണം ചെയ്യുന്നത് തടയുന്നതിന് ഭക്തരടക്കമുള്ള മുഴുവൻ പേർക്കും ശബരിമലയിൽ തങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്താനും ധാരണയായി.
ഇതനുസരിച്ച് മണ്ഡലകാലത്ത് 24 മണിക്കൂറിലധികം തങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തും. ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അടുത്തമാസം ക്ഷേത്രനട തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും ചർച്ച ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 146 കേസുകളിലായി എഴുന്നൂറോളം പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ഇവരെ മുഴുവൻ ഉടൻ അറസ്റ്റ് ചെയ്യാൻ ഡി.ജി.പി നിർദേശം നൽകി.
മുഴുവൻ പ്രതികളെയും കണ്ടെത്താനായി ജില്ലകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ശബരിമലയിൽ കൈക്കൊള്ളേണ്ട നടപടികൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ച നിർദേശങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തിയശേഷം അന്തിമതീരുമാനം കൈക്കൊള്ളും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഡി.ജി.പി യോഗത്തിന് എത്തിയത്.
ശബരിമലയിൽ തീർഥാടകർക്കൊപ്പം പ്രതിഷേധക്കാർ തമ്പടിക്കുന്നത് തടയുന്നതിന് കർശന നിയന്ത്രണം വേണമെന്ന് എ.ഡി.ജി.പിമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. ഒരു ദിവസത്തിൽ കൂടുതൽ സന്നിധാനത്ത് ആരെയും വിരിവെക്കാൻ അനുവദിക്കേണ്ടതില്ല. ഒരു ദിവസത്തിലധികം ആർക്കും മുറി നൽകരുതെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെടാനും തീരുമാനമായി.
സംഘ്പരിവാർ പ്രവർത്തകർ വൻതോതിൽ സന്നിധാനത്തടക്കം തമ്പടിച്ചതാണ് പ്രതിഷേധം ശക്തമാകാൻ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇതൊഴിവാക്കാൻ തീർഥാടകർ 24 മണിക്കൂറിലധികം സന്നിധാനത്തും വനത്തിലും തങ്ങുന്നത് ഒഴിവാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തും. ഇതിനായി, പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനം വകുപ്പിനോടും ആവശ്യപ്പെടും.
പൊലീസ് കമാൻഡോകളുടെ നിരീക്ഷണവും ഏർപ്പെടുത്തും. ഭക്തർക്ക് മുൻകൂട്ടി ദർശനം ഉറപ്പാക്കുന്ന ഡിജിറ്റൽ ക്യൂ സംവിധാനം ഇക്കുറി ഏർപ്പെടുത്തും. തിരുപ്പതി മാതൃകയിലെ സംവിധാനം അടുത്തവർഷം മുതലേ ഏർപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന് ഡി.ജി.പി പറഞ്ഞു. തീർഥാടകരുടെ തിരക്കും അനധികൃത വരവും നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നിലയ്ക്കലിൽ ദേവസ്വം ബോർഡും ഒരുക്കണമെന്ന് ആവശ്യപ്പെടും.
തുലാമാസ പൂജക്ക് മുമ്പ് ആവശ്യപ്പെട്ട പല സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ഇക്കാര്യങ്ങൾ ബോർഡുമായി ചർച്ച നടത്താമെന്ന ഉറപ്പും ഡി.ജി.പി ഉദ്യോഗസ്ഥർക്ക് നൽകി. ഇൗമാസം 29ന് വീണ്ടും ഉന്നതതല പൊലീസ് യോഗം ചേരാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.