Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഒരിക്കൽ തുറന്നാൽ...

‘ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം’; വൈറലായി ഇൻസ്പെക്ടറുടെ കുറിപ്പ്

text_fields
bookmark_border
abdul-karim-18520.jpg
cancel

കൽപറ്റ: കോവിഡ് പ്രതിരോധ പോരാട്ടത്തിനിടെ ആശുപത്രിയിലായ മൂന്ന് സഹപ്രവർത്തകർക്ക് മാനസിക പിന്തുണ നൽകി മാനന്തവാടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അബ്ദുൽ കരീം ഫേസ്ബുക്കിൽ കുറിച്ച വരികൾ വൈറലാകുന്നു. 'ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം' എന്ന് തുടങ്ങുന്ന കുറിപ്പിൽ പ്രതിസന്ധി ഘട്ടത്തിൽ കൂടെനിൽക്കുന്നവരെയും കല്ലെറിയുന്നവരെയുമെല്ലാം പരാമർശിക്കുന്നു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

"ഒരിക്കൽ തുറന്നാൽ പിന്നീട് അടച്ചിടാത്ത ഏക സ്ഥാപനം "

അതെ... ഇന്ന് നമ്മുടെ മാനന്തവാടി പൊലീസ് സ്റ്റേഷൻ അടഞ്ഞ് കിടക്കുകയാണ്... നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കോവിഡ് വൈറസ് നമ്മുടെ സ്റ്റേഷനിലെ മൂന്ന് സഹോദരൻമാരെ ആശുപത്രിയിലാക്കിയിരിക്കയാണ്... എല്ലാവിധ മുന്നൊരുക്കങ്ങളും നമ്മൾ എടുത്തിരുന്നുവെങ്കിലും ഏത് സാഹചര്യത്തിലും ഡ്യൂട്ടി ചെയ്ത് വരുന്ന നമ്മെപ്പോലുള്ളവർക്ക് ഇത്തരത്തിൽ ബാധിക്കുക സ്വാഭാവികം..

ഇനിയെന്ത്...? ഈ ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. 
2020 മെയ് 13. നമ്മുടെ സ്റ്റേഷന്‍റെ ആകാശം കറുത്ത് പോയി. ഓരോരുത്തരായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആണെന്നുള്ള വിവരം നിങ്ങളെ എല്ലാവരെയും ചേർത്ത് നിർത്തി നമ്മുടെ സ്റ്റേഷന്‍റെ ശ്രീകോവിലിൽ നിന്നും അറിയിക്കുമ്പോൾ.. നിങ്ങളുടെ തിളക്കമുള്ള കണ്ണുകളിൽ കറുത്ത കടലും കറുത്ത പ്രകാശവും ഇരുണ്ട ചന്ദ്രനും കറുത്ത രക്തവും ഞാൻ കണ്ടു. വാക്കുകൾ ഇടറാതിരിക്കാൻ ഞാൻ പൊരുതി.

സായം സന്ധ്യയിലെ മഞ്ഞുതുള്ളികൾക്ക് സൗന്ദര്യം നഷ്ടമായി. കരിഞ്ഞ താളിയോല ഗ്രന്ഥങ്ങളിലെ മഹദ് വചനങ്ങളിൽ നിന്ന് കറുത്ത പുക വരും പോലെ. പക്ഷേ ഇപ്പോൾ, അനന്തതയുടെ കൊടിയടയാളങ്ങളായ സൂര്യനും ചന്ദ്രനും നമുക്ക് മുകളിൽ തിളങ്ങിക്കൊണ്ടിരിക്കുന്നു...

നോക്കൂ, ചന്ദ്രന് ചുറ്റും ചെറിയ താരകങ്ങൾ മിന്നിക്കളിക്കുന്നത്. സൂക്ഷിച്ച് നോക്കൂ. ആ നക്ഷത്രക്കുഞ്ഞുങ്ങളിലേക്ക്. നിങ്ങളുടെ ഒരവയവമായ കാക്കിക്കുപ്പായത്തിന്‍റെ ചുമലിലെ നക്ഷത്രങ്ങളാണത്. മാനത്തെ ആ നക്ഷത്രക്കൂട്ടത്തെ അഴിച്ചെടുത്ത് നമ്മുടെ കാക്കിയിൽ പതിച്ചതെന്തിനെന്നോ. പ്രകൃതിക്ക് ആ അനശ്വരത നമ്മിലൂടെ നില നിർത്തണം...

ഉണരൂ, വീരപഴശ്ശിയുടെ പിൻമുറക്കാർ നമ്മളെ കാത്തിരിക്കുന്നു. കബനിയുടെ ഓളങ്ങൾക്ക് ജീവനില്ലാതാവരുത്. മാനന്തവാടിയുടെ ഹൃദയ വാതിൽ നമുക്കായി തുറന്നിട്ടിരിക്കുന്നു. കാറ്റും കാവും നമ്മെ കാത്തിരിക്കുന്നു. 

അറിയില്ലേ, നമ്മൾ റേഷൻ കടകളിൽ നിന്നും അരി വാങ്ങിക്കൊടുത്തു. കുടിവെളളം എത്തിച്ചു. ഔഷധങ്ങൾ നൽകി. ആശുപത്രികളിലെത്തിച്ചു. രക്തം കൊടുത്തു. പാലും പല വ്യഞ്ജനങ്ങളും പച്ചക്കറികളും എത്തിച്ചു. അനൗൺസ്മ​െൻറും റൂട്ട് മാർച്ചും നടത്തി. ഉറങ്ങിയുണർന്ന നാടിന് പുതിയ ശീലുകൾ ചൊല്ലിക്കൊടുത്തു.

വെയിലേറ്റ് നെറ്റിത്തടം കറുത്തതും ബൂട്ടിനുള്ളിൽ കാലുകൾ നീര് കെട്ടിയതും നമ്മളറിഞ്ഞില്ല. ഉണ്ണാതെ ഉറങ്ങാതെ കൺപോളകൾ നമ്മളറിയാതെ കനം വെച്ചു. 

കാണുന്നില്ലേ, ആശുപത്രിക്കിടക്കയിൽ വൈറസ് ബാധ ഏൽക്കാതെ ഉള്ളം കയ്യിലിട്ട് നമ്മുടെ സഹോദരൻമാരെ പരിപാലിക്കുന്ന വെളുത്ത സൈനികരായ ഡോക്ടർമാരെ. ഭൂമിയിലെ മാലാഖമാരായ നഴ്സ് മാരെ. ഫീൽഡ് ജീവനക്കാരെ, ശുചീകരണ പ്രവർത്തകരെ...
അവരുടെ മുഖം പോലും നമ്മൾ കാണുന്നില്ല.. 

ഒരു തുള്ളി ജലപാനം പോലുമില്ലാതെ മണിക്കൂറുകളോളം കാവലിരിക്കുന്നു. ഇത് കുറിക്കുമ്പോൾ മൂന്ന് ലക്ഷത്തിലധികം മൃതദേഹങ്ങൾ ലോകത്ത് വീണു കഴിഞ്ഞിരിക്കുന്നു. ലോകം ചലിക്കുന്ന മോർച്ചറി പോലെ..

ഇവിടെ.. നമ്മൾ കാക്കിയുടെ കരുത്തിൽ പുതിയ ഔഷധക്കൂട്ടുകൾ ഉണ്ടാക്കണം.. പൊരുതണം നമുക്ക് അവസാനം വരെ..
നമ്മുടെ നാട്‌, നാട്ടുകാർ, കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ, കൃഷിക്കാർ, പൊതുജനങ്ങൾ, വ്യാപാരി സുഹൃത്തുക്കൾ, ജീവനക്കാർ, പൊതുപ്രവർത്തകർ, ഭരണാധികാരികൾ, മാധ്യമ സുഹൃത്തുക്കൾ എല്ലാവർക്കും കാവലായി കരുതലായി നമ്മൾ ഉണ്ടാവണം...

കവചമായി നിൽക്കുമ്പോൾ ചിലപ്പോൾ അവയവങ്ങൾക്ക് ഭംഗം വരാം. അത് യുദ്ധത്തിലായാലും, പ്രകൃതിക്ഷോഭത്തിലായാലും, പകർച്ചവ്യാധിയിലായാലും, തീവ്രവാദ ആക്രമണത്തിലായാലും, വ്യക്തിക്കും നാടിനും രാജ്യത്തിനും ഏൽക്കേണ്ട മുറിവ് നാം ഏറ്റുവാങ്ങും. അത് എല്ലാ സേനയിലുമുണ്ട്‌.. അത് പ്രകൃതി നിയമം..

ചിലപ്പോൾ അറിയാത്തിടങ്ങളിൽനിന്നും കല്ലുകൾ വീണേക്കാം. ആശുപത്രിയിൽ നിന്നും ക്വാറൻ്റയിൻ സെൻ്ററുകളിൽ നിന്നും നമുക്ക് ഉയർത്തെഴുന്നേൽക്കണം. ചിലപ്പോൾ വീണ്ടും ആശുപത്രിയിലായേക്കാം. ഒരു ഫിനിക്സ് പക്ഷിയാവണം. ചിറകുകൾ നക്ഷത്രങ്ങളെ പോലെ തിളങ്ങണം. പൂ പോലെ വിടരണം...

മൃതദേഹങ്ങൾ കുന്നുകൂടിയേക്കാം. ഞരമ്പുകൾ വലിഞ്ഞ് മുറുകി ശ്വാസംവിടാൻ കഴിയാതെ രോഗം നമ്മളെ വരിഞ്ഞ് മുറുക്കിയാലും അവസാന മൃതദേഹവും നമ്മുടെ നക്ഷത്രത്തിന്‍റെ കരുത്തുള്ള ചുമലിലേറ്റി സംസ്കരിക്കണം... അഭിവാദ്യമർപ്പിക്കണം..

അപ്പോൾ നമ്മിലേക്ക് വഴിതെറ്റി വീണ കല്ലുകൾ സ്റ്റേഷൻ മുറ്റത്ത് കിടന്ന് തേങ്ങുന്നുണ്ടാവും വിതുമ്പുന്നുണ്ടാവും. എനിക്കറിയാം
നിങ്ങളാണെന്‍റെ കരുത്തും ജീവനും. മണ്ണും വിണ്ണും ഒരുമിച്ചവരാണ് നാം.. ഭൂമിയിൽ ചവിട്ടി നിന്ന് നക്ഷത്രങ്ങളോട് സംസാരിക്കുന്നവർ...

നോക്കൂ.. ഉതിരാത്ത ഒരു കൂട്ടം പൂക്കൾ ഉണ്ടവിടെ... നമ്മുടെ ഭരണാധികാരികളിൽ നിന്നുള്ള, ആരോഗ്യ വകുപ്പിൽ നിന്നുള്ള, മേലുദ്യോഗസ്ഥരിൽ നിന്നുള്ള, സന്ദേശത്തിന് കാതോർക്കൂ...

നമ്മുടെ വിസിൽ കോഡിൽ നിന്നുള്ള വിസിൽ ശബ്ദത്തിന് കാതോർക്കു.. ആശുപത്രികളിൽ നിന്നും ക്വാറൻറയിൻ സ​െൻററുകളിൽ നിന്നും മനസ്സിനെയും ശരീരത്തെയും സജജമാക്കൂ... 

മാനന്തവാടിയുടെ ചരിത്രത്തിന്‍റെ ഇടനാഴികളിൽ തിക്കിത്തിരക്കുന്ന ഒരു പറ്റം സ്ഥാപനങ്ങളിൽ നമ്മുടെ സ്റ്റേഷൻ ഒരു വെള്ളിനക്ഷത്രം പോലെ തിളങ്ങണം. വിളങ്ങണം. നമ്മുടെ സ്റ്റേഷൻ മുറ്റത്ത് നമുക്ക് അണിനിരക്കണം. നമ്മുടെ പൊലീസ് സ്റ്റേഷൻ നമുക്ക് തുറക്കണം. തുറക്കുക തന്നെ ചെയ്യണം.

നിങ്ങളുടെ സ്വന്തം ഇൻസ്പെക്ടർ.
കരീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policepolice stationabdul kareemmananthavady
News Summary - police inspector's viral facebook post
Next Story