പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം
text_fieldsപറവൂർ: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ ഭർത്താവിന് അനുകൂലമായി മൊഴി മാറ്റിയ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാഴ്‌ചയായി യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
പെൺകുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. കേസിൽ നിലപാട് മാറ്റിയ യുവതി, ഭർത്താവ് രാഹുൽ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്‌റ്റ് ചെയ്‌തിരുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞതിനെത്തുടർന്ന് തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും നിലപാട് മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ് മറ്റൊരു വിഡിയോയും യുവതി പോസ്‌റ്റ് ചെയ്തു. യുവതിയെ കാൺമാനില്ലെന്ന പരാതിയിൽ വീട്ടുകാരുടെ മൊഴി വടക്കേക്കര പൊലീസ് രേഖപ്പെടുത്തി.
മകൾ മൊഴി മാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിൽ -പിതാവ്
കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതി മൊഴിമാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്ന് പിതാവ്. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും തങ്ങൾക്കെതിരെ മകൾ പറയുന്നത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്നും പിതാവ് ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മകൾക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മർദവുമുണ്ടായിട്ടില്ല. അവളുടെ കഴുത്തിലെ പാടുകൾ, മൂക്കിൽ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങൾ, തലയിലെ മുഴ, ഇതൊന്നും ഞങ്ങൾ സൃഷ്ടിച്ചതല്ലല്ലോ... ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അവൾ പറയുന്നത്. ഞങ്ങൾ ഇതൊക്കെ കണ്ടതാണ്. അവൾ അത് നിഷേധിച്ചിട്ടുണ്ടെങ്കിൽ അവരുടെ നിർബന്ധം മൂലമാണ്’ - പിതാവ് പറഞ്ഞു. രക്ഷപ്പെടാൻ ഇതുമാത്രമാണ് വഴിയെന്ന് മനസസ്സിലാക്കിയ രാഹുൽ ചെയ്യിപ്പിക്കുന്നതാണ് ഇതെന്നും പിതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.