വ്യക്തികൾക്ക് ആഡംബര 'ഉപകരണമായി' ഇനി പൊലീസില്ല
text_fieldsതിരുവനന്തപുരം: വ്യക്തികൾക്ക് ആഡംബരം കാണിക്കാനുള്ള 'ഉപകരണമായി' മാറാൻ ഇനി പൊലീസില്ല. പൊലീസ് സേവനങ്ങള്‍ക്ക് പണമടക്കണമെന്ന സർക്കുലറിൽ വ്യക്തത വരുത്തി ഡി.ജി.പി ഉടൻ ഉത്തരവിറക്കും. കണ്ണൂരിൽ ആഡംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് നീക്കം.
പൊലീസിനെ വിവിധ സേവനങ്ങൾക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കുലറിലെ വ്യക്തതയില്ലായ്മയാണ് ഇത്തരമൊരു സംഭവത്തിലേക്ക് വഴിവെച്ചതെന്നാണ് വിശദീകരണം. പൊലീസ് അസോസിയേഷനും കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ പൊലീസുകാരെ പരിഹസിക്കുന്ന രീതിയിൽ പ്രചാരണമുണ്ടായതും സേനക്കുള്ളിൽ അതൃപ്തിയുണ്ടാക്കി.
കണ്ണൂരിൽ വിവാഹത്തിന് സുരക്ഷക്കെന്ന പേരിൽ പണം ഈടാക്കി പൊലീസുകാരെ അനുവദിച്ച സംഭവത്തിൽ അഡീഷനൽ എസ്.പി പി.പി. സദാനന്ദന്‍റെ ഓഫിസിലെ മൂന്നുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫിസിലെ പൊലീസുകാരൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.
ചെറിയ അബദ്ധം മാത്രമായി കാണാനാകില്ലെന്ന നിലപാടിലാണ് പൊലീസ് സംഘടനകൾ. പ്രധാന രേഖ അഡീഷനൽ എസ്.പിയുടെ ശ്രദ്ധയിൽപ്പെടുത്താതെ കമ്പ്യൂട്ടർ വഴി ഒപ്പ് രേഖപ്പെടുത്തി നോട്ടീസ് നല്‍കിയെന്നത് വിശ്വസിക്കാനാകില്ലെന്നും സേനാംഗങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.