വിരലിനുപകരം നാവിന് ശസ്ത്രക്രിയ: മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ കത്ത് നൽകി പൊലീസ്
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജില്‍ നാലു വയസ്സുകാരിക്ക് വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാൻ പൊലീസ് ജില്ല മെഡിക്കല്‍ ഓഫിസർക്ക് കത്ത് നൽകി.മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽനിന്ന് ചികിത്സ രേഖകള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ടൗൺ അസി. കമീഷണർ കെ.ജി. സുരേഷ് അറിയിച്ചു.
വ്യാഴാഴ്ചയാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ചെറുവണ്ണൂർ സ്വദേശിയായ ബാലികയുടെ ഇടതുകൈയിലെ ആറാംവിരലിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്തത്. കേസിൽ മാതാപിതാക്കളും കൂട്ടിരിപ്പുകാരുമായി അഞ്ചുപേരിൽനിന്ന് മെഡി. കോളജ് പൊലീസ് മൊഴിയെടുത്തു.
സമാന പേരുള്ള മറ്റൊരു കുട്ടി നാവിന് ശസ്ത്രക്രിയക്ക് എത്തിയിരുന്നു എന്നും ഡോക്ടറോട് കുട്ടിയെ മാറിപ്പോയതാണെന്നും സംഭവം നടന്ന ഉടൻ ആശുപത്രി അധികൃതര്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി.ശസ്ത്രക്രിയ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോ. പ്രഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചികിത്സ പിഴവിന് ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡോക്ടറുടെ ഭാഗത്തുനിന്ന് അബദ്ധം സംഭവിച്ചു എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. വിശദമായ അന്വേഷണത്തിന് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയതായും പ്രിൻസിപ്പൽ ഡോ. എൻ അശോകൻ അറിയിച്ചു. കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നൽകി.
വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ പീഡിയാട്രിക് മൈനർ തിയറ്ററിൽ പ്രവേശിപ്പിച്ചത്. നാവിന് ശസ്ത്രക്രിയ ചെയ്ത നിലയിലായിരുന്നു കുട്ടി തിയറ്ററിൽനിന്ന് പുറത്തെത്തിയത്. പിന്നീട് ബന്ധുക്കൾ പറഞ്ഞപ്പോഴാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത് ഡോക്ടർക്ക് മനസ്സിലായത്. പിന്നീട് കുട്ടിയെ വീണ്ടും തിയറ്ററിൽ കയറ്റി കൈയിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഒഴിഞ്ഞുമാറി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലുവയസ്സുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. വകുപ്പ് നടപടി എടുത്തിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും മാത്രമായിരുന്നു തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴുള്ള പ്രതികരണം. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.