പൊലീസ് വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു; പ്രതിഷേധങ്ങൾക്കിടെ രാഹുലിനെ വഞ്ചിയൂർ കോടതിയിലെത്തിച്ചു
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. അറസ്റ്റിൽ വ്യാപക പ്രതിഷേധങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പൊലീസ് രാഹുലിനെ കോടതിയിലെത്തിച്ചത്.
നേരത്തെ വൈദ്യ പരിശോധനക്കായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. വൈദ്യ പരിശോധന കഴിഞ്ഞ് രാഹുലുമായി പുറപ്പെട്ട പോലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ഫോർട്ട് ആശുപത്രി പരിസരം സംഘർഷഭരിതമായിരുന്നു. തുടർന്ന് ഏറെ പണിപ്പെട്ടാണ് പൊലീസ് രാഹുലിനെ കോടതിയിൽ എത്തിച്ചത്.
ഇന്ന് പുലർച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ നാലാം പ്രതിയായ രാഹുലിനെ പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധത്തിനിടെയാക്കി.
നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എം.എൽ.എ, എം.വിൻസെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
നേരെത്ത കേസുമായി ബന്ധപ്പെട്ട് ഇരുപതിലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും നേതാക്കൾക്കെതിരായ നടപടി ആദ്യമാണ്. രാഹുലിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു.
അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ല. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.