നിലമ്പൂരില്‍ പൊലീസ് വെടിവെച്ചു; അട്ടപ്പാടിയില്‍ വെടിവെപ്പ് ‘കെട്ടിവെച്ചു’
text_fieldsപാലക്കാട്: നിലമ്പൂര്‍ കരുളായി വനത്തില്‍ രണ്ട് മാവോവാദികളെ വെടിവെച്ചുകൊന്ന പൊലീസ്, അട്ടപ്പാടി വനത്തില്‍ യുവ ഫോട്ടോഗ്രാഫറുടെ കൊലക്കേസില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി പുതിയ വിവാദം. ഈ കൊലപാതകം മാവോവാദികളുടെ മേല്‍ കെട്ടിവെക്കാന്‍ പൊലീസ് സംഘടിതമായി നടത്തിയ ശ്രമത്തിന് തിരിച്ചടിയാണ് കഴിഞ്ഞ ദിവസത്തെ ഹൈകോടതി ഇടപെടല്‍.
നിരപരാധികളെ കൊന്നൊടുക്കുകയെന്നത് അജണ്ടയല്ളെന്ന് സ്വന്തം മുഖപത്രം വഴി മാവോവാദികള്‍ പ്രതികരിച്ചിട്ടും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്ന പൊലീസ് ഹൈകോടതിയില്‍ വിശദീകരണം ബോധിപ്പിക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ്. അടിയന്തരമായി വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കഴിഞ്ഞ ദിവസമുണ്ടായ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ്.
അട്ടപ്പാടിയിലെ കല്‍ക്കണ്ടി ചിന്നംപറമ്പ് സ്വദേശിയും മുക്കാലി കവലയിലെ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറുമായിരുന്ന ബെന്നിയെ വെടിവെച്ചുകൊന്നതിന് പിന്നില്‍ മാവോവേട്ടയിലേര്‍പ്പെട്ട പൊലീസുകാരാണെന്ന സംശയം തുടക്കം മുതല്‍ ഉണ്ടായിരുന്നു. 2015 ഫെബ്രുവരി 13ന് അര്‍ധരാത്രിയാണ് ചിണ്ടക്കി വനമേഖലയില്‍ ബെന്നി വെടിയേറ്റ് മരിച്ചത്. സുഹൃത്ത് ഷെല്ലിയോടൊപ്പം ഭവാനി പുഴയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇയാള്‍.
പൊലീസിനെതിരായ ആരോപണം ശക്തിപ്പെടുകയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തതോടെ അന്ന് അധികാരത്തിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബെന്നിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചാണ് താല്‍ക്കാലികമായെങ്കിലും ശമനം വരുത്തിയത്. എന്നാല്‍, മാവോവാദിയാണെന്ന സംശയത്തില്‍ പൊലീസ് ബെന്നിയെ വെടിവെച്ചുവെന്ന ആരോപണം സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ബലപ്പെട്ടു. പ്രഖ്യാപിച്ച തുക ഇതുവരെ ആശ്രിതര്‍ക്ക് ലഭിച്ചതുമില്ല. കൊലപാതകം നടന്ന് രണ്ടുവര്‍ഷം തികയാറായ സന്ദര്‍ഭത്തില്‍ ബെന്നിയുടെ ഭാര്യ സുനി ഫയല്‍ ചെയ്ത കേസിലാണ് ഹൈകോടതി പൊലീസില്‍നിന്ന് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കരുളായി വനത്തില്‍ മാവോവാദികളായ രണ്ടുപേരെ പ്രകോപനമില്ലാതെ വെടിവെച്ചുകൊന്നതിലൂടെ തികഞ്ഞ പ്രതിരോധത്തിലായ പൊലീസ് ബെന്നി വധത്തില്‍ ഹൈകോടതിയില്‍ എന്ത് വിശദീകരണം നല്‍കുമെന്ന കൗതുകത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ആദിവാസി നേതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.