ചേർത്തലയിൽ നഴ്സുമാർക്ക് നേരെ ലാത്തിച്ചാർജ്; വ്യാഴാഴ്ച സംസ്ഥാന പണിമുടക്ക്
text_fieldsചേർത്തല: കെ.വി.എം ആശുപത്രിയിലെ നഴ്സ് സമരത്തോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ (യു.എൻ.എ) നേതൃത്വത്തിൽ നടന്ന ദേശീയപാത ഉപരോധത്തിൽ സംഘർഷം. നഴ്സുമാരുടെ ഉപരോധം ഗതാഗത സ്തംഭനത്തിലെത്തിയതോടെയാണ് പൊലീസ് ഇടപെട്ടത്. സമരക്കാരെ പിരിച്ചുവിടാൻ നടത്തിയ ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ നാല് മെയിൽ നഴ്സുമാരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട സ്വദേശികളായ ജിജോ ജോയി, റിജു, തൃശൂർ സ്വദേശി റിജോ ജോൺസ്, മലപ്പുറം സ്വദേശി അനൂബ് വർഗീസ് എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്. ജിജോ ജോയിക്ക് കണ്ണിന് സാരമായ പരുക്കുണ്ട്. റിജോ ജോൺസെൻറ കൈക്ക് ഒടിവുണ്ട്. സമരത്തിൽ പങ്കെടുത്ത 132 പേർക്കെതിരെ കേസെടുത്തു.
സമരം ഒത്തുതീർപ്പാക്കിയിെല്ലങ്കിൽ 15ന് സംസ്ഥാന വ്യാപകമായി നഴ്സുമാർ പണിമുടക്കുമെന്ന് നേതാക്കൾ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.വി.എം ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം 176 ദിവസം പിന്നിട്ടു. കഴിഞ്ഞ എട്ടിന് തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ കെ.വി.എം മാനേജ്മെൻറ് ഏകപക്ഷീയമായി പിന്മാറിയ സാഹചര്യത്തിൽ യു.എൻ.എ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ നിരാഹാര സത്യഗ്രഹം ആരംഭിച്ചിരുന്നു.
സത്യഗ്രഹം മൂന്നുനാൾ പിന്നിട്ടിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന ആശുപത്രി മാനേജ്മെൻറിനെതിരെ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള നഴ്സുമാർ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദേശീയപാത ഉപരോധിച്ചത്.
ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് മൃഗീയമായാണ് തല്ലിയതെന്ന് യു.എൻ.എ ഭാരവാഹികൾ പറഞ്ഞു. ട്രെയിനികളെന്ന് മുദ്രകുത്തി രണ്ട് നഴ്സുമാരെ പുറത്താക്കിയതാണ് ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരത്തിനാധാരം. സമരം ഒത്തുതീര്‍ക്കാനുള്ള ഇടപെടലുകള്‍ മന്ത്രിമാരായ ഡോ. തോമസ് ഐസക്കും പി. തിലോത്തമനും ഒന്നിലേറെ തവണ നടത്തിയെങ്കിലും മാനേജ്മെൻറ് അയഞ്ഞില്ല. സമരത്തിെൻറ 60ാംനാൾ മുതൽ ആശുപത്രി അടച്ചിട്ടു. ഇതോടെ നൂറുകണക്കിന് ജീവനക്കാർ തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരമായി.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, 2013ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ സമരം തുടങ്ങിയത്. ദേശീയപാത ഉപരോധം യു.എൻ.എ സംസ്ഥാന പ്രസിഡൻറ് ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. ദേശീയ വർക്കിങ് പ്രസിഡൻറ് റിൻസ്, രക്ഷാധികാരി വത്സൻ രാമൻകുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.