Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്‌.യു മാർച്ചിന്...

കെ.എസ്‌.യു മാർച്ചിന് നേരെ പൊലീസിന്‍റെ കിരാതവേട്ട; ലാത്തിച്ചാർജിൽ വനിത നേതാവിന്‍റെ മൂക്ക് തകർന്നു, നിരവധി പ്രവർത്തകർക്ക്​ പരിക്ക്​

text_fields
bookmark_border
Nasiya Mundappally, ksu march
cancel
camera_alt

ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് സംഘർഷമായതിനെ തുടർന്ന് പൊലീസിന്‍റെ ലാത്തിയടിയിൽ മൂക്കിന് പരിക്കേറ്റ് വീണ സംസ്ഥാന നിർവാഹക സമിതി അംഗം നസിയ (ചിത്രം: പി.ബി. ബിജു)

തിരുവനന്തപുരം: തൃശൂർ കേരളവർമ കോളജിലെ ​തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ മന്ത്രിവസതിയിലേക്ക്​ കെ.എസ്‌.യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന നിർവാഹകസമിതി അംഗം നസിയ മുണ്ടപ്പള്ളിക്ക്​ ഗുരുതര പരിക്കേറ്റു. നിരവധി പ്രവർത്തകർക്കും​ ലാത്തിച്ചാർജിൽ പരിക്കേറ്റു. പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത്​ കെ.എസ്‌.യു ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന്​ ആഹ്വാനം നൽകി.

പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ നസിയ മുണ്ടപ്പള്ളിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കുന്നു

ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിന്​ മുന്നിൽ നിന്ന്​ ആരംഭിച്ച മാർച്ച്​ ബേക്കറി ജങ്​ഷൻ വഴിയാണ് വഴുതക്കാട്ടെ മന്ത്രിയുടെ വസതിയിലേക്ക് നീങ്ങിയത്​. പ്രകടനത്തിനിടയിൽ പ്രവർത്തകർ കേരളീയം പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ തകർക്കുകയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെയും വാഹനം തടയുകയും ചെയ്തു. മാർച്ച്​ മന്ത്രിയുടെ വസതിക്ക് സമീപം കലാഭവൻ റോഡിന്​ മുന്നിൽ ബാരിക്കേഡ് തീർത്ത് പൊലീസ്​ തടഞ്ഞു.

ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളും അരങ്ങേറി. തുടർന്ന്​ മാർച്ച് സംഘർഷത്തിലേക്ക് നീങ്ങി. പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടർന്നു. വീണ്ടും പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്ന്​ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തി. നിലത്തുവീണ പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. ഇതിനിടയിലാണ്​ പൊലീസിന്റെ ലാത്തിയടിയേറ്റ്​ നസിയായുടെ മൂക്കിന്​ പരിക്കേറ്റത്​.

ചോരയൊഴുകി നിലത്തുവീണ ഇവരെ ഉടൻതന്നെ ജനറൽ ആശുപത്രിയിലും അവിടെനിന്ന്​ പിന്നീട്​ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ജില്ല ഭാരവാഹി അഭിജിത്തിനും പരിക്കേറ്റു. സംഘർഷം കനത്തതോടെ പ്രവർത്തകരെ വിരട്ടിയോടിക്കാൻ രൂക്ഷമായി പൊലീസ് ലാത്തി വീശി. ചിതറിയോടിയ പ്രവർത്തകരിൽ ചിലർ തറയിൽ വീണു. ഇവരെ തറയിലിട്ടും പൊലീസ് മർദിക്കുകയും ചവിട്ടുകയും ചെയ്തു. സംഘർഷത്തിനൊടുവിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇവരെ നന്ദാവനം എ.ആർ ക്യാമ്പിൽ എത്തിച്ചു. പൊലീസ് കിരാതവേട്ടക്കെതിരെ ക്യാമ്പിന് മുന്നിൽ പ്രതിഷേധിച്ചവരെയും ബലംപ്രയോഗിച്ച്​ നീക്കം ചെയ്തു. ഒരു മണിക്കൂറിലധികം സംഘർഷം നീണ്ടു. ഫർഫാൻ മുണ്ടേരി, അഭിജിത്ത് നെടുമങ്ങാട് എന്നിവരെ പൊലീസ് വാഹനത്തിലിട്ട് മർദിച്ചതായി നേതാക്കൾ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഗോപു നെയ്യാർ അധ്യക്ഷത വഹിച്ചു.

ഇവനൊക്കെ മക്കളില്ലേ, നടപടി വേണം -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന കെ.എസ്.യു പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയെ രൂക്ഷമായി വിമ‍ർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണെന്നും ഒരു പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്ന ഇവനൊന്നും മക്കളില്ലേ എന്നും സതീശൻ ചോദിച്ചു.

പെൺകുട്ടിയെ തല്ലിയ പൊലീസുകാരനെതിരെ നടപടി വേണം. നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. മുഖത്തടിയേറ്റ പെൺകുട്ടിക്ക് സ‍ർജറി വേണ്ടിവരുമെന്നും സതീശൻ പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെ.എസ്.യു നേതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police lathichargeKSU marchNasiya Mundapally
News Summary - Police lathicharge on KSU march; The woman leader Nazia Mundapally's nose was broken
Next Story