എടത്തല പൊലീസിെൻറ മർദനം; യുവാവിെൻറ കവിളെല്ല് തകർന്നു
text_fieldsആലുവ: കാർ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച നാല് പൊലീസുകാർക്കെതിരെ കേസ്. സസ്പെൻഷനിലുള്ള ഗ്രേഡ് എ.എസ്.െഎ ഇന്ദുചൂഡൻ, ഗ്രേഡ് എ.എസ്.െഎ പുഷ്പരാജ്, സീനിയർ സിവിൽ പൊലീസ് ഒാഫിസർ അബ്ദുൽ ജലീൽ, സിവിൽ പൊലീസ് ഒാഫിസർ അഫ്സൽ എന്നിവർക്കെതിരെയാണ് കേസ്.
ഇന്ദുചൂഡൻ ഒഴികെയുള്ളവരെ തീവ്രപരിശീലനത്തിന് കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റി. എസ്.െഎ അരുണിനെതിരെ നടപടിയെടുക്കുന്നത് വകുപ്പുതല അന്വേഷണശേഷം തീരുമാനിക്കുമെന്ന് ആലുവ റൂറൽ എസ്.പി രാഹുൽ ആർ. നായർ അറിയിച്ചു. മർദിച്ച് പരിക്കേൽപിച്ചു, അന്യായ തടങ്കലിൽ വെച്ചു എന്നീ കുറ്റങ്ങളാണ് പൊലീസുകാർക്കെതിരെ ചുമത്തിയത്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്. ഇതിനിടെ, മർദനത്തിനിരയായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാെൻറ (39) പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കവിളെല്ല് പൊട്ടിയിട്ടുണ്ട്. ശരീരമാസകലം ചതവും മുറിവുമുണ്ട്. ബുധനാഴ്ച ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇടതുകണ്ണിന് താഴെയുള്ള പരിക്ക് ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. കവിളിലെ എല്ലുപൊട്ടി ഉള്ളിലേക്ക് തള്ളിയ നിലയിലാണ്. താടിയെല്ല് പൊട്ടിയതായും നട്ടെല്ലിന് ക്ഷതമേറ്റതായും മെഡിക്കല്‍ റിപ്പോർട്ടിലുണ്ട്. ഇടതുകണ്ണിെൻറ കാഴ്ചക്ക് മങ്ങലുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ആേറാടെ എടത്തല കുഞ്ചാട്ടുകരയിലാണ് സംഭവങ്ങളുടെ തുടക്കം. ഗൾഫിൽനിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഉസ്മാൻ. നോമ്പുതുറ വിഭവങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന ഉസ്മാെൻറ ബൈക്കിൽ മഫ്തിയിൽ പൊലീസ് സഞ്ചരിച്ച സ്വകാര്യ കാർ ഇടിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവ സ്ഥലത്തുെവച്ച് ക്രൂരമായി മർദിച്ച പൊലീസ് സംഘം ഉസ്മാനെ വലിച്ച് കാറിൽ കയറ്റി. കാറിലും സ്റ്റേഷനിലും മർദനമേറ്റു. കാറിലുണ്ടായിരുന്ന പ്രതിയും ഉസ്മാനെ കൈേയറ്റം ചെയ്തതായി പറയുന്നു. മോഷണക്കേസ് പ്രതി സ്റ്റേഷനിൽനിന്ന് ചാടിപ്പോയ സംഭവത്തിൽ നാലുദിവസം മുമ്പാണ് ഇന്ദുചൂഡൻ സസ്പെൻഷനിലായത്. സസ്പെൻഷനിലായിട്ടും ഇന്ദുചൂഡൻ മർദനത്തിന് ഒത്താശ ചെയ്തെന്ന പരാതിയിലാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.