പൊലീസുകാർ എന്നെ തീവ്രവാദിയാക്കി- നീറുന്ന ഓർമയിൽ രമേശൻ
text_fieldsകൽപറ്റ: ‘നീ എൽ.ടി.ടി.ഇ ആല്ലേ?, തീവ്രവാദിയായ നീ എങ്ങനെ സമരത്തിനെത്തി?, നക്സലൈറ്റുകാരനല്ലേ?, മനസ്സു തകർന്നുപോകുന്ന ചോദ്യങ്ങളുമായി പൊലീസുകാർ തുടർച്ചയായി മൂന്നുദിവസത്തോളം എന്നെ തലങ്ങും വിലങ്ങും അടിച്ചുശരിയാക്കി. പലപ്പോഴും ബോധം നഷ്ടമായി. പൊലീസുകാരൻ മരിച്ചതിന്റെ കാരണമല്ലാതെ ജോഗി മരിച്ചതിനെക്കുറിച്ചോ സമരത്തെക്കുറിച്ചോ അവർ ഒന്നും ചോദിച്ചിരുന്നില്ല. തീവ്രവാദിയാണെന്നാരോപിച്ച് ബൂട്ടുകൊണ്ട് ചവിട്ടി.
ചോരപൊടിഞ്ഞിട്ടും മർദനം തുടർന്നു. ബോധവും ഓർമയും നഷ്ടപ്പെട്ട എന്നെ ഒരുദിവസം വെറുതെയിട്ടശേഷം ചെവിയിൽ നല്ലെണ്ണയൊഴിച്ചാണ് കോടതിയിൽ ഹാജരാക്കിയത്’. മുത്തങ്ങയിൽ കുടിൽകെട്ടി സമരം ചെയ്യുന്ന ആദിവാസികളെ ഒഴിപ്പിക്കാൻ പൊലീസിനെ ഉപയോഗിച്ച് ഭരണകൂടം നടത്തിയ രക്തപങ്കിലമായ നരനായാട്ടിന് ഞായറാഴ്ച ഇരുപതാണ്ട് തികയുമ്പോൾ പൊലീസ് മർദനത്തിന്റെ അടയാളവുമായി ഇന്നും ഭൂമിക്കായി പോരാട്ടം തുടരുകയാണ് നൂൽപ്പുഴ തേലമ്പറ്റയിലെ കൊയാലിപ്പുര രമേശൻ.
സെക്രട്ടേറിയറ്റ് സമരത്തോടെയാണ് സ്വന്തമായി മണ്ണ് അവകാശമാണെന്ന ഉറച്ചബോധ്യത്തോടെ പോരാട്ടത്തിനിറങ്ങുന്നതെന്നും അഞ്ചേക്കർ നൽകുമെന്ന് പറഞ്ഞ് സർക്കാർ പറ്റിച്ചതോടെയാണ് മുത്തങ്ങ വനത്തിൽ കുടിൽകെട്ടി സമരം ആരംഭിക്കുന്നതെന്നും രമേശൻ ഓർത്തെടുക്കുന്നു. 48 ദിവസത്തോളം സമരം ചെയ്തിട്ടും സർക്കാർ ഞങ്ങളെ അവഗണിച്ചു. നല്ലരീതിയിൽ നടന്ന സമരത്തെ തകർക്കാൻ എല്ലാ പാർട്ടിക്കാരും ഗൂഢാലോചന നടത്തി. 2003 ഫെബ്രുവരി 17, 18, 19 തീയതികളിലായാണ് കുടിയൊഴിപ്പിക്കൽ നടന്നത്. 19ന് നടന്ന പൊലീസ് വെടിവെപ്പിലാണ് ജോഗി മരിക്കുന്നത്. പൊലീസുകാരനായ വിനോദും മരിച്ചു.
ചോരചിന്തിയ, ഒരിക്കലും മറക്കാനാകാത്ത അതിക്രൂര കുടിയൊഴിപ്പിക്കലാണ് അവിടെ നടന്നത്. കീഴടങ്ങാൻ പോലും പറയാതെ കുടിലുകൾക്ക് തീയിടുകയും പിന്നീട് വെടിവെപ്പ് നടത്തുകയും ചെയ്തു. പല ഗോത്രഭാഷ സംസാരിക്കുന്ന ഗോത്രവിഭാഗങ്ങളായിരുന്നു അവിടെ സമരം ചെയ്തിരുന്നത്. അതിനാൽ തന്നെ പൊലീസിന് ഭാഷ കൃത്യമായി മനസ്സിലായിരുന്നില്ല. പണിയഭാഷ സംസാരിക്കുമ്പോൾ വേറെ രാജ്യക്കാരാണെന്നാണ് പൊലീസ് കരുതിയത്.
അങ്ങനെയാണ് മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനിൽ ഹാജരായപ്പോൾ എന്നെ കസ്റ്റഡിയിലെടുത്ത് തീവ്രവാദബന്ധം ആരോപിച്ച് ക്രൂരമായി മർദിക്കുന്നത്. പൊലീസ് മർദനത്തെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ബുദ്ധിമുട്ടുകൾക്കിടെയും കൂലിപ്പണിക്കുപോയാണ് മക്കളെ പഠിപ്പിച്ചുവളർത്തിയതെന്നും രമേശൻ പറഞ്ഞു. അന്ന് മൂന്നു വയസ്സുമാത്രം ഉണ്ടായിരുന്ന രമേശന്റെ മകൾ കെ.ആർ. രേഷ്മ പി.ജി മലയാളം വിദ്യാർഥിനിയും ആദി ശക്തി സമ്മർ സ്കൂളിന്റെ ഭാരവാഹികളിലൊരാളുമാണ്. ചിത്രകാരനായ മകൻ രാഹുൽ ഫൈൻ ആർട്സ് വിദ്യാർഥിയാണ്. ശാന്തയാണ് രമേശന്റെ ഭാര്യ.
സമരത്തിനുശേഷം കുറച്ചുപേർക്ക് ഭൂമി കിട്ടി. കുറെപേർ ജയിലിലായി. കുറെയേറെ പേർക്ക് ഇപ്പോഴും ഭൂമി കിട്ടിയിട്ടില്ല. പൊലീസ് മർദനമേറ്റ പലർക്കും പിന്നീട് പണിക്കുപോലും പോകാനായിരുന്നില്ല. ചിലർ അസുഖബാധിതരായി മരിച്ചു. മുത്തങ്ങ ഭൂസമരത്തിനുശേഷം വെള്ളരിമലയിൽ ഒരേക്കർ ഭൂമി കിട്ടിയ ആശ്വാസത്തിൽ രമേശനും സുഖമില്ലാത്ത ഭാര്യയും രണ്ടു മക്കളും അവിടെയെത്തിയപ്പോൾ കണ്ടത് പാറക്കുന്നായിരുന്നു. സ്ഥലം കണ്ടയുടനെ തളർന്നുവീണ ഭാര്യയുമായി കുന്നിറങ്ങിയശേഷം പിന്നീടങ്ങോട്ട് പോയിട്ടില്ലെന്ന് രമേശൻ പറയുന്നു. ഭൂമിക്കായി മരിയനാട് എസ്റ്റേറ്റിൽ കുടിൽകെട്ടി താമസിക്കുന്ന 700ലധികം കുടുംബങ്ങളിലൊന്ന് രമേശന്റേതാണ്. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 50ലധികം കുടുംബങ്ങൾ മരിയനാടിൽ കുടിൽകെട്ടി കഴിയുന്നുണ്ട്. മുത്തങ്ങ സമരത്തിലുണ്ടായിരുന്ന 800 കുടുംബങ്ങൾക്ക് ഇപ്പോഴും ഭൂമി കിട്ടിയിട്ടില്ല. നൂറോളം കുടുംബങ്ങൾക്ക് മാത്രമാണ് ഭൂമി കിട്ടിയത്. കുറെ പേർക്ക് കിട്ടിയ സ്ഥലം വാസയോഗ്യവുമായിരുന്നില്ല.
‘മൂന്നുദിവസം ഒളിച്ചിരുന്നത് മരത്തിൽ’
കൽപറ്റ: ‘പൊലീസിന്റെ വെടിയേറ്റെങ്കിലും ജീവൻ രക്ഷിക്കാനായി കാടിനുള്ളിലേക്ക് ഓടുകയായിരുന്നു. അങ്ങനെ വനത്തിനുള്ളിലെ മരത്തിന് മുകളിൽ എങ്ങനെയൊക്കെയോ വലിഞ്ഞുകയറി. മൂന്നുദിവസം ഭക്ഷണംപോലുമില്ലാതെ മരത്തിനുമുകളിൽ ഒളിച്ചിരിക്കുകയായിരുന്നു’. മുത്തങ്ങ ഭൂസമരം ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നടപടിയിൽ ഇടത്തെ കാലിന്റെ മുട്ടിന് വെടിയേറ്റ കല്ലൂർ സ്വദേശിയായ നാരായണൻ, അന്നത്തെ സംഭവങ്ങൾ ഇപ്പോൾ ഓർത്തെടുക്കുമ്പോഴും ഉള്ളിൽ ഭയം നിറയുന്നുണ്ടായിരുന്നു.
മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുക്കുമ്പോൾ 23 വയസ്സുമാത്രമുണ്ടായിരുന്ന നാരായണൻ ഇപ്പോൾ കെട്ടിട നിർമാണ തൊഴിലാളിയാണ്. അന്ന് മുട്ടിനോട് ചേർന്ന് വെടിയേറ്റതിന്റെ അടയാളം ഇപ്പോഴും മാഞ്ഞിട്ടില്ല. കാട്ടിനുള്ളിൽനിന്ന് ജീവനോടെ പുറത്തിറങ്ങുമെന്ന് കരുതിയിരുന്നില്ല. പുറത്തിറങ്ങാൻ തന്നെ ഭയമായിരുന്നു. ആരെങ്കിലും പിടിച്ചുകൊണ്ടുപോകുമെന്നായിരുന്നു പേടി. ഇഴഞ്ഞുകൊണ്ടാണ് പുറത്തെത്തിയത്. എങ്ങനെയൊക്കെയോ തിരിച്ചെത്തിയപ്പോഴേക്കും ചലനശേഷിയും ശബ്ദവുമൊക്കെ നഷ്ടമായിരുന്നു.
പിന്നീടുള്ള ഓരോ ദിവസവും ഭയത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. സമരത്തിനുശേഷം ആറളത്താണ് നാരായണനും കുടുംബത്തിനും സ്ഥലം ലഭിച്ചത്. എന്നാൽ, റേഷൻ ഉൾപ്പെടെ ഇവിടെനിന്നും കൊണ്ടുപോകേണ്ട അന്നത്തെ സാഹചര്യത്തിൽ അവിടെ അധികകാലം തുടരാനായില്ല. ഇപ്പോൾ കല്ലൂരിൽ തന്നെയാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.