ഭൂവുടമകളെ കുടിയിറക്കാൻ പൊലീസ് നീക്കം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsതൊടുപുഴ: 70 വർഷത്തിലേറെയായി കൈവശം െവച്ചിരിക്കുന്ന പട്ടയഭൂമിയിൽനിന്ന് സാധാരണക്കാരെ കുടിയിറക്കാനുള്ള കെ.എ.പി ബറ്റാലിയൻ അധികൃതരുടെ നടപടി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. നാലാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കലക്ടർക്ക് നിർദേശം നൽകി.
കേസ് ഫെബ്രുവരി 24ന് പരിഗണിക്കും. പീരുമേട്-കുട്ടിക്കാനം ഭാഗത്ത് രാജവംശത്തിെൻറ കൈയിലിരുന്ന 400 ഏക്കർ ഭൂമി രാജകുടുംബം നേരേത്ത സർക്കാറിന് വിട്ടുനൽകിയിരുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.
അതിൽ 273.88 ഏക്കർ പൊലീസിനും ബാക്കി വനം വകുപ്പിനും റവന്യൂവിനുമായി സർക്കാർ നൽകി. ഇതിൽനിന്ന് സർവേ കഴിഞ്ഞ് തിരിച്ചിട്ട മിച്ചഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകാൻ സർക്കാർ പിന്നീട് തീരുമാനിച്ചു. 1960 മുതൽ ഇവിടെ ഭൂരഹിതർ താമസവും കൃഷിയും ആരംഭിച്ചു. 2004ൽ കെ.എ.പിക്ക് കൈമാറി. 2007ൽ ഭൂമിയിൽനിന്ന് ആളുകളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും എതിർപ്പിനെ തുടർന്ന് നടന്നില്ല.
അഞ്ച് മുതൽ 10 സെൻറ് മാത്രമുള്ളവരാണ് ഇവിടെ താമസം. കെ.എ.പി ബറ്റാലിയനിൽ പുതിയ മേധാവിമാർ വരുമ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണി ഉണ്ടാകാറുണ്ടെന്നാണ് പരാതി. ഇപ്പോൾ വീണ്ടും ഭീഷണി നേരിടുകയാണ്. പട്ടയം ലഭിച്ച ഭൂവുടമകളെ വാസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.