ബംഗാളിൽ പഞ്ചായത്തംഗമടക്കം മൂന്നുപേരെ വധിച്ച കേസിലെ പ്രതി കോഴിക്കോട്ട് പിടിയിൽ
text_fieldsകോഴിക്കോട്: ബംഗാളിൽ പഞ്ചായത്ത് അംഗമടക്കം മൂന്നുപേരെ വധിച്ച കേസിലെ ഒന്നാംപ്രതി കോഴിക്കോട്ട് അറസ്റ്റിൽ. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തെയടക്കം വധിച്ച കേസിലെ പ്രതി 24 പർഗാന സൗത്തിലെ ഘനിക് താന ധർമതല ദക്ഷിണിൽ രവികുൽ സർദാറിനെയാണ് (36) അറസ്റ്റ്ചെയ്തത്. കാനിങ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസുള്ളത്.
മീഞ്ചന്തയിൽ ഉത്തരേന്ത്യക്കാർക്കൊപ്പം വാടകവീട്ടിൽ കഴിഞ്ഞ പ്രതിയെ വ്യാഴാഴ്ച രാത്രി വീടുവളഞ്ഞാണ് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കൊലക്കുശേഷം ഇവിടെത്തി പെയിന്റിങ് ജോലിചെയ്ത് ജീവിക്കവെ ബംഗാൾ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബംഗാൾ പൊലീസിന് കൈമാറി. പ്രതിക്ക് താമസ സൗകര്യമൊരുക്കിയ രജത് ലസ്കർ, സദാം ശൈഖ്, യൂനുസ് മോറൽ, താലിബാൻ റഹ്മാൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
ഗുണ്ടാപിരിവ് എതിർത്ത വിരോധത്തിൽ ജൂലൈ ഏഴിന് ഗോപാൽപുർ വാർഡ് തൃണമൂൽ പഞ്ചായത്തംഗം സോപുൻമാജി, കൂടെയുണ്ടായിരുന്ന ജോണ്ടു ഹൽദാർ, ഭൂതനാഥ് പ്രമാണി എന്നിവരെ രവികുൽ നേതൃത്വം നൽകിയ സംഘം വെടിയുതിർത്തും വെട്ടിയും വധിച്ചതായാണ് കേസ്. ഇയാൾ കേരളത്തിലെത്തിയെന്ന് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എസ്. ശ്രീനിവാസിന് രഹസ്യസന്ദേശം കിട്ടി. ഇതിന്റെയടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.