സുബൈർ വധക്കേസിൽ ഗൂഢാലോചന അന്വേഷിക്കാതെ പൊലീസ്
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ എലപ്പുള്ളിയിലെ എ. സുബൈറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പുരോഗതിയില്ല. കൊലയിൽ നേരിട്ട് പങ്കെടുത്തതായി പറയപ്പെടുന്ന മൂന്നുപേരുടെ അറസ്റ്റിനുശേഷം കേസന്വേഷണം കാര്യമായി മുന്നോട്ടുപോയിട്ടില്ല. പ്രതികളെക്കുറിച്ച് സാക്ഷിമൊഴി ഉൾപ്പെടെ വ്യക്തമായ ചിത്രം ലഭിച്ചിട്ടും ആ നിലക്ക് അന്വേഷണം നീങ്ങിയിട്ടില്ല.
ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള നീക്കം പൊലീസിന്‍റെ ഭാഗത്തുനിന്നില്ലെന്ന ആരോപണം ശക്തമാണ്. പാലക്കാട്ടെ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും മുഴുവൻ പ്രതികളെയും പിടികൂടുമെന്നും എ.ഡി.ജി.പി വിജയ് സാഖറെ, അന്വേഷണത്തിന്‍റെ തുടക്കത്തിൽ നൽകിയ ഉറപ്പാണ് പാലിക്കപ്പെടാതെ പോകുന്നത്. കൊലക്ക് ഉപയോഗിച്ച കാർ ഓടിച്ചിരുന്ന സുബൈറിന്‍റെ അയൽവാസി രമേശ്, കൊലയിൽ നേരിട്ട് പങ്കാളികളായ ആറുമുഖൻ, ശരവണൻ എന്നിവരാണ് അറസ്റ്റിലായത്. ചിറ്റൂർ സബ്ജയിലിൽ റിമാൻഡിലുള്ള പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടതിനപ്പുറം കൊല ആസൂത്രണം ചെയ്തവരിലേക്ക് തുടരന്വേഷണം പോയിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് കാര്യമായ പരിശോധനകളൊന്നും ഇപ്പോൾ നടക്കുന്നില്ലെന്നാണ് വിവരം. പട്ടാപ്പകൽ നടന്ന കൊലക്ക് ദൃക്സാക്ഷികളായി ഒന്നിലധികം പേരുണ്ട്. പിതാവിന്‍റെ മുന്നിലിട്ടാണ് സുബൈറിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ഏപ്രിൽ 15ന് വിഷുദിനത്തിലാണ് കൊല നടന്നത്. കൃത്യമായ ആസൂത്രണം കൊലക്ക് പിന്നിലുള്ളതായി വ്യക്തമായിട്ടും പൊലീസ് അന്വേഷണം പ്രതികളായ മൂന്നുപേരിലേക്ക് മാത്രം കേന്ദ്രീകരിക്കുകയായിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടും ആ നിലക്കും അന്വേഷണം മുന്നോട്ടുപോയില്ലെന്ന് സുബൈറിന്‍റെ ബന്ധുക്കൾ പറയുന്നു. കൊലക്ക് ഉപയോഗിച്ച രണ്ട് കാറുകൾ കസ്റ്റഡിയിലെടുത്തിട്ടും കാറുകൾ എത്തിച്ച ഒരാളെപോലും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.
പാലക്കാട് കസബ പൊലീസ് പരിധിയിലുള്ള കേസിന്‍റെ അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ടെങ്കിലും കേസിന്‍റെ ഗൂഢാലോചനയുടെ ചുരുളഴിയാക്കാനുള്ള ശ്രമം പൊലീസിന്‍റെ ഭാഗത്തുനിന്ന് കാണുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കൊലക്ക് നാല് വാളുകൾ ഉപയോഗിച്ചതായി പൊലീസ് പറയുന്നു. എന്നാൽ, രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘത്തിൽ മൂന്നുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പൊലീസ് ഭാഷ്യം.
കഴിഞ്ഞ നവംബറിൽ കൊല ചെയ്യപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ സുഹൃത്ത് രമേശ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സുബൈറിന്‍റെ കൊലയെന്ന് പൊലീസ് പറയുന്നു. മുമ്പ് രണ്ടുതവണ സുബൈറിനെ കൊല്ലാൻ ശ്രമിച്ചിരുന്നതായി രമേശിന്‍റെ മൊഴിയുമുണ്ട്. സുബൈറിനെ കൊലപ്പെടുത്തിയത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ അറിവോടെയാണ് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചിരുന്നു. എന്നാൽ, ഇതിലൊന്നും വിശദമായ പരിശോധന പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.