ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് പൊലീസ് നോട്ടീസ്
text_fieldsവെള്ളമുണ്ട: ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്. പള്ളികളിൽ ബാങ്ക് വിളിക്കാനും അമ്പലങ്ങളിലും ചർച്ചുകളിലും വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പൊലീസ് നടപടി.
ഇത്തരത്തിൽ വയനാട്ടിലെ വിവിധ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ അതത് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരുടെ നോട്ടീസ് ലഭിച്ചുതുടങ്ങി. ഹൈകോടതിയുടെ ഡബ്ല്യു.എ നമ്പർ 235/1993 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്ന ആരാധനാലയങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ നോട്ടീസ് കിട്ടിത്തുടങ്ങി. ജില്ലയിലെ മറ്റു ഭാഗങ്ങളിലും നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവിധ മഹല്ല് ഭാരവാഹികൾ പറയുന്നത്.
വരുംദിവസങ്ങളിൽതന്നെ കോളാമ്പി മൈക്കുകൾ നീക്കം ചെയ്യണമെന്നും ഇല്ലെങ്കിൽ ഹൈകോടതി ഉത്തരവുപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് വെള്ളമുണ്ടയിലെ മീത്തൽ ജുമാമസ്ജിദ് പ്രസിഡന്റിന് ലഭിച്ച നോട്ടീസിൽ പറയുന്നത്. എന്നാൽ, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് അയക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടില്ലെന്നും പൊലീസ് അമിതാവേശം കാണിക്കുകയാണെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.