മുതിർന്ന ഉദ്യോഗസ്ഥനിൽനിന്ന് പീഡനമെന്ന്; അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽനിന്ന് പൊലീസുകാരനെ കാണാതായി
text_fieldsഅരീക്കോട് (മലപ്പുറം): അരീക്കോട് സ്പെഷൽ ഓപറേഷൻ ക്യാമ്പിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. മുതിർന്ന ഉദ്യോഗസ്ഥനിൽനിന്നുള്ള പീഡനത്തെ തുടർന്നാണ് സംഭവമെന്ന് പരാതി.
കോഴിക്കോട് വടകര സ്വദേശി ഹവിൽദാർ പി.കെ. മുബഷിറിനെയാണ് (30) വെള്ളിയാഴ്ച രാവിലെ ആറുമുതൽ കാണാതായത്. പാലക്കാട് എം.എസ്.പി ബറ്റാലിയൻ അംഗമായ ഇദ്ദേഹം നാലര വർഷമായി ഡെപ്യൂട്ടേഷന്റെ ഭാഗമായി അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ജോലി ചെയ്തുവരുകയാണ്.
ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ കടുത്ത പീഡനമാണ് ഭർത്താവിനെ കാണാതാകാൻ ഇടയാക്കിയതെന്ന് മുബഷിറിന്റെ ഭാര്യ ഷാഹിന 'മാധ്യമ'ത്തോട് പറഞ്ഞു. ഭർത്താവിനെ പല രീതിയിൽ പീഡിപ്പിച്ചിരുന്നുവെന്നും സഹിക്കാൻ വയ്യാതെയാണ് ക്യാമ്പ് വിട്ടുപോയതെന്നും അവർ പറഞ്ഞു.
ഇതു സംബന്ധിച്ച് ഷാഹിന വടകര റൂറൽ എസ്.പിക്ക് പരാതി നൽകി. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചായി മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
പൊലീസുകാരന്റെ കത്ത്
കാണാതായ ഉദ്യോഗസ്ഥൻ ക്യാമ്പിൽ തനിക്ക് നേരിടേണ്ട വന്ന പീഡനം ഉയർന്ന ഉദ്യോഗസ്ഥന്റെ പേരുൾപ്പെടെ വെച്ച് എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക്യാമ്പിലെ രാത്രികാല കട്ടൻചായ വിതരണവുമായി ബന്ധപ്പെട്ട വിഷയമാണ് മുതിർന്ന ഉദ്യോഗസ്ഥന് തന്നോട് വിരോധത്തിന് കാരണമെന്ന് മുബഷിർ കത്തിൽ പറയുന്നു.
നാലര വർഷമായി സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിൽ ജോലി ചെയ്തുവരുന്ന താൻ ഇവിടെ തുടരാൻ അപേക്ഷ നൽകുകയും പരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എങ്കിലും ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ഇടപെടൽമൂലം തിരിച്ച് പാലക്കാട് എം.എസ്.പി ക്യാമ്പിലേക്ക് മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തന്റെ കൂടെ പരീക്ഷ എഴുതിയ മറ്റ് എല്ലാവർക്കും ഇവിടെ തുടരാൻ അനുമതി ലഭിച്ചു. തനിക്കുമാത്രം അനുമതി ലഭിച്ചില്ല. അതിനുകാരണം ഉദ്യോഗസ്ഥന്റെ പകയാണെന്നും കത്തിൽ പറയുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അവിടെയായിരുന്നു പ്രതീക്ഷ. എന്നാൽ, അവിടെനിന്ന് മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെ ഇനി ഈ ക്യാമ്പിൽ നിന്നാൽ ഞാൻ ഞാനല്ലാതായി മാറുമെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.