കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം
text_fieldsകോട്ടയം: പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം. പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബലമായി പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ വാക്തർക്കത്തിനിടെ എസ്.ഐ തുടര്‍ച്ചയായി അസഭ്യം പറഞ്ഞു. പ്രവർത്തകർ തിരിച്ചും തെറിവിളിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് കെ.എസ്.യു പ്രവർത്തകർ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.
വൈസ് ചാൻസലറുടെ ഓഫിസ് സ്ഥിതിചെയ്യുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ മതിൽ ചാടിക്കടന്ന് പ്രവർത്തകർ അകത്ത് എത്തിയതോടെ പൊലീസുമായി വാക്തർക്കമുണ്ടായി. ഇതിനിടെ കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗവുമായ സുബിൻ മാത്യുവിനെ ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലൻ പിടിച്ചുനീക്കാൻ ശ്രമിച്ചു. ഇവർ തമ്മിൽ കൈയാങ്കളിയായി. ഇതിനിടെ, സുധി കെ. സത്യപാലൻ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.
പിന്നാലെ കൂടുതൽ പൊലീസെത്തി സുബിനെ വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ സുബിന്റെ ഷർട്ടും കീറി. പ്രവർത്തകരെ ബലമായി നീക്കുമ്പോഴും ഉദ്യോഗസ്ഥൻ അസഭ്യം തുടർന്നു. വാഹനത്തിൽ കയറിയ പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തു. ഇതിനിടെ, കാമറകള്‍ക്കു മുന്നിലുള്ള അസഭ്യവര്ഷത്തിലെ അപകടാവസ്ഥ മനസ്സിലാക്കിയ ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തില്‍ സുധിയെ സമീപത്തെ യൂനിവേഴ്സിറ്റി സെക്യൂരിറ്റി കാബിനിലേക്ക് മാറ്റി. ഇതിനിടയിലും രോഷാകുലനായ എസ്.ഐ കെ.എസ്.യു പ്രവർത്തകരോട് കയർത്തു.
കെ.എസ്.യു പ്രവര്‍ത്തകര്‍ ആദ്യം സുധി കെ. സത്യപാലനെ അസഭ്യം പറഞ്ഞിരുന്നതായും പരാതിയുണ്ട്. കെ.എസ്.യു പ്രവർത്തകർ അസഭ്യം പറഞ്ഞതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. അസഭ്യവർഷം നടത്തിയ എസ്.ഐക്കെതിരെ ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് കെ.എസ്.യു ജില്ല നേതൃത്വം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. ഇതിനുശേഷമാകും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.