പൊലീസുകാരെ തട്ടിക്കൊണ്ടുപോയി മത്സ്യത്തൊഴിലാളികൾ; മണിക്കൂറുകൾക്കകം മോചിപ്പിച്ചു
text_fieldsകഴക്കൂട്ടം/വിഴിഞ്ഞം: തിരുവനന്തപുരം തുമ്പയിൽ അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും ഒരു കോസ്റ്റൽ ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കകം കോസ്റ്റൽ പൊലീസ് സംഘം മൂന്നുപേരെയും മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയ മത്സ്യത്തൊഴിലാളി സംഘത്തിലെ 12 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പെരുമാതുറ സ്വദേശികളായ റാഫി (42), റസാക്ക് (48), റാസി (39), പെരുമാതുറ വലിയവിളാകം വീട്ടിൽ ഫൈസൽ (33), ശാർക്കര തെരുവിൽ തൈവിളാകം വീട്ടിൽ ഇക്ബാൽ (58), അൻവർ (36), ബഷീർ, അബുതാഹിർ (33), നജീബ് (55), കൊല്ലൂർപറമ്പ് കണ്ടക്കടവ് പള്ളിപ്പറമ്പിൽ ഫ്രാൻസിസ് (60), ശാർക്കര ഫാത്തിമ മൻസിലിൽ അൻസാരി (47), ശാർക്കര മാഹി മൻസിലിൽ വാഹിദ് (40) എന്നിവരെയാണ് കോസ്റ്റൽ പോലീസ് പിടികൂടിയത്. രണ്ടുപേരെ പിടികിട്ടാനുണ്ട്.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വിഴിഞ്ഞം കോസ്റ്റൽ പൊലീസിലെ എ.എസ്.ഐ അജിത്, സി.പി.ഒ വിനോദ്, കോസ്റ്റ് ഗാർഡ് സൂസൈൻ എന്നിവരെയാണ് മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയത്. പൊലീസ് കണ്ടെത്തുമ്പോൾ മുതലപ്പൊഴി ഹാർബറിന് സമീപത്തെ ഉൾക്കടലിൽ ബന്ദികളാക്കിയ നിലയിലായിരുന്നു ഉദ്യോഗസ്ഥർ.
ഉദ്യോഗസ്ഥരെയും പിടികൂടിയ മത്സ്യത്തൊഴിലാളികളെയും പൊലീസ് മുതലപ്പൊഴി ഹാർബറിലെ താഴംപള്ളിയിലെ ലേലപ്പുരക്ക് സമീപത്തെ കരക്ക് എത്തിച്ചു. സംഭവത്തെ തുടർന്ന് വർക്കല ഡിവൈ.എസ്.പി നിയാസിന്റ നേതൃത്തിലുള്ള വൻ പൊലീസ് സംഘം മുതലപ്പൊഴിയിലെത്തി. കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിഴിഞ്ഞത്തേക്ക് കൊണ്ടുപോയി. തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവർ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീൻപിടിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പരിശോധന നടത്തിയത്. കടലിൽനിന്ന് മത്സ്യം പിടിക്കുകയായിരുന്ന ബോട്ടിലേക്ക് ഉദ്യോഗസ്ഥർ കയറി ബോട്ട് വിഴിഞ്ഞത്തേക്ക് വിടാൻ നിർദേശിച്ചപ്പോൾ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങ് ഭാഗത്തേക്ക് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. ഇതിനുശേഷം ബന്ദികളാക്കിയ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.