പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം: സംസ്ഥാന പൊലീസ് മേധാവി
text_fieldsതിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പെരുമാറാവൂ എന്ന് കർശന നിർദ്ദേശം നൽകി സംസ്ഥാന പൊലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചു.
പൊതുജനങ്ങളോട് സഭ്യമായ വാക്കുകൾ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി ഒരു കാരണവശാലും തുടരാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം.
പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് പെരുമാറുന്ന രീതികൾ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിർദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടൻ നടപടി സ്വീകരിക്കും. പത്ര-ദൃശ്യ മാധ്യമങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവ വഴി വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതികൾ ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവി ഉടൻതന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുജനമധ്യത്തിൽ സേനയുടെ സൽപ്പേരിന് അവമതിപ്പും അപകീർത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ സംഭവിക്കാതിരിക്കാൻ യൂണിറ്റ് മേധാവിമാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.