വേഗം കുറയുമ്പോൾ ട്രെയിനിൽനിന്ന് ചാടുന്നവരെ പിടികൂടാൻ ട്രാക്കിൽ വേഷംമാറി പൊലീസ്
text_fieldsകൊച്ചി: കോട്ടയം-എറണാകുളം ജങ്ഷൻ പാതയിലെ യാത്രാദുരിതം രൂക്ഷമായി തുടരുന്നതിനിടെ വേഗം കുറയുമ്പോൾ ട്രെയിനിൽനിന്ന് സ്റ്റേഷന്റെ ഔട്ടറിൽ ചാടിയിറങ്ങുന്നവരുടെ എണ്ണത്തിൽ വർധന. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷൻ സ്റ്റോപ്പ് ഒഴിവാക്കിയതോടെയാണ് സൗത്തിലേക്കുള്ള വലിയൊരു വിഭാഗം ആളുകൾ ഇത്തരത്തിൽ ഇറങ്ങാൻ തുടങ്ങിയത്. സി കാബിൻ പിന്നിട്ട് ജങ്ഷൻ, ടൗൺ എന്നിവിടങ്ങളിലേക്ക് ട്രെയിനുകൾ തിരിയുന്ന സ്റ്റേഷന്റെ ഔട്ടർ ഭാഗത്താണ് ചാടിയിറങ്ങുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ നേരിട്ടും മഫ്തിയിലും ഇവിടെ ഉദ്യോഗസ്ഥരെ വിന്യസിക്കുകയാണ് ആർ.പി.എഫ്, പൊലീസ് അധികൃതർ.
സൗത്തിലേക്കുള്ള വേണാട് എക്സ്പ്രസിന്റെ യാത്ര അവസാനിപ്പിച്ചതോടെ ഓഫിസുകളിൽ എത്താൻ വൈകുന്നതാണ് യാത്രക്കാർ ഇടക്ക് ചാടിയിറങ്ങാൻ കാരണം. നിലവിൽ കോട്ടയത്തുനിന്ന് രാവിലെയുള്ള പാലരുവി എക്സ്പ്രസിനുശേഷം ഒന്നരമണിക്കൂർ കഴിഞ്ഞാണ് വേണാടെത്തുന്നത്. ഇരു ട്രെയിനുകൾക്കിടെ മെമു സർവിസ് തുടങ്ങിയാൽ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
09.20ന് തൃപ്പൂണിത്തുറയിലെത്തുന്ന വേണാടിൽനിന്ന് ഇറങ്ങി മെട്രോയിൽ കയറിയാലും സൗത്തിലെ ഓഫിസുകളിൽ സമയത്ത് എത്താൻ കഴിയുന്നില്ല. ഇതിന് ദിവസവും 40 രൂപയോളം അധികം ചെലവഴിക്കുകയും വേണം. എറണാകുളം ടൗണിൽ വേണാട് 09.50ന് എത്തിയാൽപോലും മെട്രോ മാർഗം സൗത്തിൽ 10.10നുമുമ്പ് എത്താൻ കഴിയില്ല. ഇതോടെയാണ് സൗത്ത് ഔട്ടറിൽ വേഗം കുറഞ്ഞ് ട്രെയിൻ നീങ്ങുമ്പോൾ ചാടിയിറങ്ങുന്നവരുടെ എണ്ണം വർധിച്ചത്. ശനിയാഴ്ച ഇങ്ങനെ ഇറങ്ങിയവരിൽനിന്ന് അധികൃതർ പിഴയീടാക്കി. ട്രെയിൻ നിർത്തിയാലും ഇറങ്ങാൻ പാടില്ലെന്ന മുന്നറിയിപ്പും നൽകി.
മെമു സർവിസ് തുടങ്ങാതെ വേണാട് വഴിതിരിച്ചുവിട്ട റെയിൽവേയുടെ നടപടി പ്രതിഷേധാർഹമാണെന്ന് ഫ്രൻഡ്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ. ലിയോൺസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.