‘ശബരിമല പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാരുടെ ഫോട്ടോഷൂട്ട്’; സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടി എ.ഡി.ജി.പി
text_fieldsശബരിമല: പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്ന് പൊലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറോട് എ.ഡി.ജി.പി റിപ്പോർട്ട് തേടി. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ പതിനെട്ടാംപടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ആദ്യ പൊലീസ് ബാച്ചിൽപ്പെട്ട മുപ്പതോളം പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദത്തിന് വഴിവെച്ചത്.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഉച്ചക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാംപടിയുടെ താഴെ മുതൽ വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കപ്പെട്ടതോടെ ചില മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു.
ഇതിന് പിന്നാലെ ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും അടക്കമുള്ള സംഘടനകൾ പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപിച്ചു. ഇതിന് പിന്നാലെയാണ് സംഭവത്തെ കുറിച്ച് സ്പെഷ്യൽ ഓഫീസറോട് എ.ഡി.ജി.പി റിപ്പോർട്ട് തേടിയത്.
അതേസമയം, ശബരിമലയിൽ പൊലീസ് സേനയുടെ രണ്ടാം ബാച്ച് ചുമതലയേറ്റിട്ടുണ്ട്. ശബരിമല ശ്രീധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷൽ ഓഫിസർ എസ്.പി കെ.ഇ ബൈജു പുതുതായി ചുമതലയേൽക്കുന്ന 1400 ഓളം ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഡിസംബർ ആറു വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. കൂടാതെ, ഇന്റലിജൻസ് /ബോംബ് സ്‌ക്വാഡ് ടീമും ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.