ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം
text_fieldsകൊച്ചി: സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തെച്ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയിൽ തർക്കം മുറുകുന്നതിനിടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈകോടതി ഉത്തരവ്. കുർബാന തർക്കത്തിൽ ബിഷപ്സ് ഹൗസിന് മുന്നിൽ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവരിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച് ബിഷപ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്.
സിനഡ് തീരുമാനിച്ച ഏകീകൃത കുർബാനയർപ്പണം നടപ്പാക്കുന്നതിൽ ആർക്കും ഇളവു നൽകാൻ തനിക്കാവില്ലെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, ഇത് അംഗീകരിക്കാതെ വൈദികരുടെയടക്കം നേതൃത്വത്തിൽ പ്രക്ഷോഭങ്ങളുടെ വേദിയായി ആർച് ബിഷപ്സ് ഹൗസിനെ ചിലർ മാറ്റിയിരിക്കുകയാണ്. അവിടെ സമരങ്ങളും പ്രാർഥനയജ്ഞങ്ങളും നടത്താൻ ആർക്കും അനുമതിയില്ലാത്തതാണ്. ബിഷപ്സ് ഹൗസിലേക്കുള്ള പ്രവേശനം പോലും തടസ്സപ്പെടുത്തുന്ന വിധമാണ് പ്രതിഷേധം. തന്റെ ജീവന് ഭീഷണിയുയർത്തുന്നതായും ചൂണ്ടിക്കാട്ടി. തുടർന്നാണ് സംരക്ഷണത്തിന് കോടതി നിർദേശിച്ചത്.
ആൻഡ്രൂസ് താഴത്തിനെ ഒന്നാം പ്രതിയാക്കി പരാതി
കൊച്ചി: പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിഷപ് ആൽഡ്രൂസ് താഴത്ത് ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെ ഒന്നാം പ്രതിയാക്കി പൊലീസിൽ പരാതി. എറണാകുളം അതിരൂപത ബിഷപ് ഹൗസ് അടിച്ചു പൊളിക്കാൻ നേതൃത്വം നൽകിയെന്നും അതിന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മാർ ആൻഡ്രൂസ് താഴത്തിനെ ഒന്നാം പ്രതിയാക്കി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അൽമായ മുന്നേറ്റം പരാതി കൊടുത്തത്.
അതേസമയം ഒരാഴ്ചയായി അടഞ്ഞ് കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക തിങ്കളാഴ്ചയും തുറന്നു കൊടുത്തില്ല. ജില്ല ഭരണകൂടം പള്ളി തുറന്നുകൊടുക്കാൻ തയാറാണെങ്കിലും ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ ആണ് നടപടി സ്വീകരിക്കാത്തത്.
ആൻഡ്രൂസ് താഴത്ത് അടക്കം 30 പ്രതികളുടെ പേരും വിലാസവും കണ്ടാലറിയാവുന്ന മറ്റ് 30 പേരെയും പ്രതികളാക്കിയാണ് പരാതി. അൽമായ മുന്നേറ്റത്തിനുവേണ്ടി കൺവീനർ ജെമി കെ. അഗസ്റ്റിനാണ് പരാതി നൽകിയത്. ജനാഭിമുഖ കുർബാനക്ക് പകരം സിനഡ് കുർബാന അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു, കലാപം ഉണ്ടാക്കുക എന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെ ബസിലിക്കയിലെത്തി, അക്രമങ്ങൾ കാട്ടിയവരെ തടയാൻ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ബിഷപ്പിനെതിരെ പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.