വിഴിഞ്ഞം തുറമുഖ മേഖലയിൽ പൊലീസ് കാവൽ ശക്തമാക്കി
text_fieldsവിഴിഞ്ഞം: തുറമുഖത്തിനെതിരായ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സമരക്കാർ തുടരുന്ന സാഹചര്യത്തിൽ തുറമുഖത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി.
തുറമുഖ നിർമാണം തടസ്സപ്പെടുത്തിയുള്ള മത്സ്യത്തൊഴിലാളികളുടെ അനിശ്ചിതകാല സമരം പതിനഞ്ച് ദിവസം പിന്നിട്ടു.ഇന്നലെയും നൂറുകണക്കിന് പ്രതിഷേധക്കാർ വിഴിഞ്ഞത്തെത്തി.
അരയതുരുത്ത് ഇടവകയിൽനിന്ന് ഫാ. ജോസഫ് പ്രസാദിന്റെ നേതൃത്വത്തിലും ചമ്പാവ് ഇടവകയിൽനിന്ന് ഫാ. അൽബൻസൂസൈയുടെയും അഞ്ചുതെങ്ങ് ഇടവകയിൽനിന്ന് ഫാ. ലൂസിയാൻ തോമസിന്റെയും നേതൃത്വത്തിലുള്ളവരാണ് സമരക്കാർക്ക് പിന്തുണയുമായി പന്തലിൽ എത്തിയത്.
നിരവധി ഇരുചക്ര വാഹനങ്ങളിലും ടൂറിസ്റ്റ് ബസുകളിലുമായി വന്ന സംഘം പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് തുറമുഖ കവാടത്തിൽ എത്തി. പുലിമുട്ട് നിർമാണമേഖല ഉൾപ്പെടെ കയറിയിറങ്ങി കൊടി നാട്ടിയശേഷം സമരക്കാർ പിൻവാങ്ങി. തുടർന്ന് നടന്ന പ്രതിഷേധസംഗമം അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. ലൂസിയൻ തോമസ് ഉദ്ഘാടനം ചെയ്തു.
മാമ്പള്ളി, അയിരൂർ, വെണ്ണിയോട്, മൂങ്ങോട്, ആറ്റിങ്ങൽ എന്നീ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ അഭിവാദ്യമർപ്പിച്ച് ഇന്ന് തുറമുഖത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.