ജ്വല്ലറി തട്ടിപ്പ്: എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ വീട്ടിൽ റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു
text_fieldsകാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എയുടെ എടച്ചാക്കൈയിലെ വീട്ടിലും മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ചന്തേര സി.ഐ പി. നാരായണെൻറ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു റെയ്ഡ്. ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർക്ക് തിരിച്ചുനൽകിയില്ലെന്നാണ് പരാതി. ജ്വല്ലറി അടച്ചുപൂട്ടിയിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിച്ചില്ല.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൽ ഷുക്കൂർ (30 ലക്ഷം), എം.ടി.പി. സുഹറ (15 പവനും ഒരു ലക്ഷവും), വലിയപറമ്പിലെ ഇ.കെ. ആരിഫ (മൂന്നു ലക്ഷം) എന്നിവരുടെ പരാതിയിലാണ് ആദ്യം ചന്തേര പൊലീസ് കേസെടുത്തത്. കൂടാതെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരികയും ചെയ്തു. ചെയർമാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ, മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് പരാതി. ഇവർക്കെതിരെ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
പ്രതിസന്ധിയെ തുടർന്ന് ഫാഷൻ ഗോൾഡിെൻറ ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിട്ടില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് ഇവർ പരാതി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയതെന്നാണ് ആരോപണം.
ഫാഷൻ ഗോൾഡ് ജ്വല്ലറിയിലെ 800 നിക്ഷേപകരിൽ മദ്റസ അധ്യാപകനുൾപ്പെടെയുള്ള ഏഴുപേർ നേരത്തേ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. കാഞ്ഞങ്ങാട്ടെ സി. ഖാലിദ് (78 ലക്ഷം), മദ്റസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം.ടി.പി അബ്ദുൽ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടകവീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ.പി. നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ.കെ. സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ് പരാതി നൽകിയത്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും നേരത്തേ വിൽപന നടത്തിയിരുന്നു.
ഖമറുദ്ദീനെതിരെ ചെക്ക് കേസിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിട്ടുണ്ട്. ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാർ സ്വദേശികളുടെ പരാതിയിലാണ് കോടതി സമൻസ് അയച്ചത്. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചുചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്നാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ ഹാജരാകാൻ ഖമറുദ്ദീന് കോടതി നിർദേശം നൽകി.
എന്നാൽ, ചിലർ തനിക്കെതിരെ കള്ളക്കേസ് ചമച്ചതാണെന്നാണ് എം.സി. ഖമറുദ്ദീൻ പറയുന്നത്. തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണതിന് പിന്നിൽ. അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.